നവോത്ഥാന നായകന്‍ സഹോദരന്‍ അയ്യപ്പന്റെ മകന്‍ ഡോ. കെ എ സുഗതന്‍ അന്തരിച്ചു

ശ്രീനു എസ്

വെള്ളി, 5 ജൂണ്‍ 2020 (10:51 IST)
നവോത്ഥാന നായകന്‍ സഹോദരന്‍ അയ്യപ്പന്റെ മകന്‍ ഡോ. കെ എ സുഗതന്‍ (90) യുകെയില്‍ അന്തരിച്ചു. മദ്രാസിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് നേടിയ ഇദ്ദേഹം അഞ്ചുവര്‍ഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉപരിപഠനത്തിനാണ് ബ്രിട്ടനിലേക്ക് പോയത്. എഫ്ആര്‍സിഎസായിരുന്നു ലക്ഷ്യമെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജനറല്‍ പ്രാക്ടീഷണറായി അവിടെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
 
സഹോദരന്‍ അയ്യപ്പനെപ്പോലെ തന്നെ യുക്തി ചിന്തകനായിരുന്നു ഡോ. സുഗതനും. ഐറീഷ് യുവതിയായ സൂസനെ വിവാഹം ചെയ്യാന്‍ പിതാവ് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. 15 വര്‍ഷമായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഭാര്യ: സൂസന്‍. മക്കള്‍: പോള്‍ സുഗതന്‍ (അധ്യാപകന്‍), സാമന്ത റയാന്‍ (ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ). മരുമക്കള്‍: അലിസണ്‍ പോള്‍, ജോണ്‍ റയാന്‍ (എല്ലാവരും യുകെ). ഡോ. സുഗതന്റെ നിര്യാണത്തില്‍ ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരകസമിതി ചെയര്‍മാന്‍ പ്രൊഫ. എം കെ സാനുവും സെക്രട്ടറി ഒ കെ കൃഷ്ണകുമാറും അനുശോചിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍