ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ചീഫ് വൈല്‍ഡ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ അറിയിച്ചു. വനംവകുപ്പിനെ കുറിച്ച് തെറ്റിദ്ധാരണ ഉളവാക്കുന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു. സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് വനം ഡിവിഷനിലാണ് ആന കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
പടക്കം നിറച്ച പൈനാപ്പിള്‍ ആനയെ തീറ്റിച്ചതാണെന്ന പ്രചാരണവും വിശ്വാസ്യയോഗ്യമല്ല. പൈനാപ്പിള്‍, ചക്ക, വാഴപ്പഴം എന്നിവയിലേതിലെങ്കിലും പടക്കം നിറച്ച് വന്യമൃഗങ്ങളെ തുരത്താനായി കൃഷിയിടങ്ങളില്‍ ഇട്ടിരിന്നിരിക്കാനാണ് സാധ്യത. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ കൃത്യമായ മരണകാരണം വ്യക്തമാകുകയുള്ളു. സംസ്ഥാനത്തെ വനാതിര്‍ത്തികളോടുചേര്‍ന്നുള്ള എല്ലാ കൃഷിയിടങ്ങളിലും ദ്രുതപരിശോധന നടത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആന കൊല്ലപ്പെട്ട സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമരപ്പിക്കുന്നതിന് സൈലന്റ് വാലി വൈല്‍ഡ്ലൈഫ് വാര്‍ഡന്റെയും മണ്ണാര്‍ക്കാട് ഡി എഫ് ഒയുടെയും നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.