നിയമം പാലിച്ച് തെരുവുനായ്‌ക്കളെ പിടിക്കാം; രോഗമുള്ളവയേയും പേയ് പിടിച്ചവേയും കൊല്ലാം: ഹൈക്കോടതി
ബുധന്‍, 4 നവംബര്‍ 2015 (11:16 IST)
തെരുവ് നായകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും തദ്ദേശസ്ഥാപനങ്ങള്‍ പാലിക്കണം. ഇതിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. മൃഗസംരക്ഷണ നിയമം കര്‍ശനമായി പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എംഎം ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
തെരുവു നായ്‌ക്കളെ മുഴുവന്‍ കൊല്ലാന്‍ പാടില്ല. എന്നാല്‍ രോഗം ബാധിച്ചവ, മാരകമായ മുറിവേറ്റവ, പേ വിഷബാധ ഏറ്റവയേയും കൊല്ലാം എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ മറവില്‍ തെരുവു നായ്‌ക്കളെ മുഴുവന്‍ കൊല്ലാന്‍ പാടില്ല. നായ്ക്കളെ പിടികൂടുമ്പോള്‍ മൃഗസംരക്ഷണ വകുപ്പില്‍ നിഷ്‌കര്‍ഷിക്കുന്ന ചട്ടങ്ങളും നിബന്ധനകളും സര്‍ക്കാരും ഈ സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണമെന്നും കോടതി വ്യക്തമാക്കി.
നായ്ക്കളുടെ പ്രജനനം സംബന്ധിച്ച നിയമത്തിലെ ഏഴ് മുതല്‍ ഒന്‍പത് വരെയുള്ള വകുപ്പുകളും മൃഗങ്ങളോടുള്ള ക്രൂരത സംബന്ധിച്ച നിയമത്തിലെ ഒന്‍പത് മുതല്‍ പത്ത് വരെയുള്ള വകുപ്പുകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നായ്ക്കളെ പിടികൂടാനും അവയെ പരിപാലിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. നായ്ക്കളെ കൊണ്ടുപോകാന്‍ വാഹനങ്ങള്‍ ഉണ്ടാവണം. ഇവയെ പരിപാലിക്കാന്‍ എല്ലാ താലൂക്കുകളിലും ആസ്പത്രികളും ഉണ്ടാവണം- ഉത്തരവില്‍ ഡിവിഷന്‍ ബഞ്ച് പറഞ്ഞു.
സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചിരുക്കുന്നത്.