സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം തുടങ്ങി; ശക്തമായി നേരിടുമെന്ന് സര്‍ക്കാര്‍

വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (07:45 IST)
കേരളത്തിലെ ഒരുവിഭാഗം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം തുടങ്ങി.  കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒ‌എ) ഉന്നയിച്ച വിവിധ ആവശ്യങ്ങളിൽ മന്ത്രിതലത്തിൽ നടത്തിയ ചർച്ച വിഫലമായതിനേ തുടര്‍ന്നാണ് സമരം ആരംഭിച്ചത്. സമരക്കാര്‍ കൂട്ട അവധിയെടുക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയുള്ളവര്‍ മാത്രമേ ഇന്ന് ജോലിക്ക് ഹാജരാകൂ എന്നും സമരക്കാര്‍ അറിയിച്ചു.

നൈറ്റ് ഡ്യൂട്ടി ഓർഡർ പിൻവലിക്കുക, 17 മണികൂര്‍ ഡ്യൂട്ടി നിര്‍ത്തലാക്കുക, ജില്ല, ജനറൽ ആശുപത്രികൾ അശാസ്‌ത്രീയമായി മെഡിക്കൽ കോളജുകളാക്കുന്നത് അവസാനിപ്പിക്കുക, പിജി ഡപ്യൂട്ടേഷൻ പുന:സ്‌ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം. സെക്രട്ടേറിയറ്റിനു മുന്നിലെ നിരാഹാര സമരം തുടരുമെന്നു കെജിഎംഒഎ അറിയിച്ചു. ഇന്നു ജില്ലാതല പ്രതിഷേധ ധർണകളും നടത്തും. നിരാഹാര സമരത്തിലായിരുന്ന അസോസിയേഷൻ പ്രസിഡന്റ് ഡോ. എസ്. പ്രമീളാദേവിയെ അവശതയെത്തുടർന്നു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം ഒരു വിഭാഗം ഡോക്ടർമാർ നടത്തുന്ന സമരം ശക്തമായി നേരിടുമെന്നു മന്ത്രി വി.എസ്. ശിവകുമാർ അറിയിച്ചു. സംഘടന മുന്നോട്ടുവച്ച ന്യായമായ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടും സർക്കാരിനെ അറിയിക്കാതെയാണു സമരത്തിനിറങ്ങിയത്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക