പൾസർ സുനി ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ, എന്തിനും ഏതിനും മുന്നിലുണ്ടാകും, ഊർജ്ജസ്വലനായിരുന്നു: സുനി കള്ളനാണെന്ന് മനസ്സിലാക്കാൻ തനിക്ക് ദിവ്യദൃഷ്ടി ഇല്ലെന്ന് ലാൽ

വെള്ളി, 24 ഫെബ്രുവരി 2017 (11:56 IST)
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികളെ പിടികൂടിയ പൊലീസിനെ അഭിനന്ദിച്ച് സംവിധായകനും നടനുമായ ലാൽ. ഡ്രൈവർ മാർട്ടിന്റേത് കള്ളഭിനയമായിരുന്നുവെന്ന് ലാൽ വ്യക്തമാക്കുന്നു. മാർട്ടിനെ പിടിച്ച് ചോദ്യം ചെയ്തപ്പോഴാണ് കള്ളത്തരം മനസ്സിലായതെന്നും ലാൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
 
മാർട്ടിൻ വിളിച്ച വണ്ടിയുടെ ഡ്രൈവറാണ് സുനിൽ. ഹണിബീ 2 എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടല്ല നടി വന്നത്. മറ്റൊരു നടിയായ രമ്യ നമ്പീശന്റെ വീട്ടിലേക്ക് പോകാനാണ് നടി വണ്ടി വിളിച്ചത്. ഇനി ഒരു പെൺകു‌ട്ടിയ്ക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകാൻ പാടില്ല. ഇപ്പോഴും ആത്മവിശ്വാസം അവൾക്കുണ്ട്. - ലാൽ പറയുന്നു. 
 
സംഭവവുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ പല ആരോപണങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും സത്യമല്ലെന്ന് ലാൽ പറയുന്നു. ദിലീപിനെതിരെയുള്ള ഓരോ വാർത്തകൾ കാണുമ്പോഴും അദ്ദേഹം അനുഭവിച്ച വേദനയ്ക്ക് കയ്യും കണക്കുമില്ല. അത്രയ്ക്ക് വേദനയും വിഷമവും മാനസികസംഘർഷവുമാണ് ദിലീപ് കുറച്ച് ദിവസം കൊണ്ട് അനുഭവിച്ചിരിക്കുന്നതെന്ന് ലാൽ വ്യക്തമാക്കുന്നു.
 
എല്ലാം കഴിഞ്ഞ് സുനി വണ്ടിയിൽ വെച്ച് നടിയോട് ''നാളെ ഒരാൾ വിളിക്കും, ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീ ആണ് എന്ന് പറഞ്ഞിരുന്നു''. എന്നാൽ ഇത് നുണയാകാനാണ് സാധ്യതെന്ന് ലാൽ പറയുന്നു. ആരെങ്കിലും അങ്ങനെ പറയു‌മോ എന്നാൺ ലാൽ ചോദിയ്ക്കുന്നത്. സാമാന്യബുദ്ധിയുള്ളവർക്ക് അത് കള്ളത്തരമാണെന്ന് മനസ്സിലാകുമെന്നും ലാൽ വ്യക്തമാക്കി.
 
നടിയ്ക്ക് സുനിയുമായി മുൻപരിചയം ഉണ്ടെന്ന വാർത്തയോടും ലാൽ പ്രതികരിക്കുകയുണ്ടായി. ഹണിബി 2വിന്റെ ഗോവയിൽ വെച്ച് നടത്തിയ ചിത്രീകരണത്തിൽ കൊച്ചിയിൽ നിന്നും പോയ വണ്ടി ഓടിച്ചത് സുനിയായിരുന്നു. സെറ്റിലെല്ലാം ചുറുചുറുക്കുള്ള ചെറുപ്പക്കാരനായിരുന്നു അയാൾ. എന്തിനും ഏതിനും അയാൾ മുന്നിലുണ്ടായിരുന്നു, എല്ലാവർക്കും സഹായമായിരുന്നു. ഊർജ്ജസ്സ്വലനായ ചെറുപ്പക്കാരനായിരുന്നു അയാൾ. ആക്രമിക്കപ്പെട്ട നടിയടക്കം എല്ലാവർക്കും കംഫർട്ടബിളായ ആളായിരുന്നു സുനിൽ. ഇതെല്ലാം സുനിയുടെ കാപഠ്യം നിറഞ്ഞ മുഖമാണെന്നും അയാൾ കള്ളനാണെന്നും കണ്ടെത്താൻ എനിയ്ക്ക് ദിവ്യദൃഷ്ടി ഇല്ലെന്നും നടൻ പറയുന്നു. അവിടെ വെച്ച് നടിയ്ക്ക് സുനിയെ പരിചയമുണ്ടായിരുന്നുവെന്നും നടൻ വ്യക്തമാക്കുന്നു. 
 
സംഭവദിവസം നടി ഓടിക്കയറിയത് ലാലിന്റെ വീട്ടിലേക്കായിരുന്നു. ലാൽ വിളിച്ചറിയിച്ചതനുസരിച്ചാണ് പൊലീസെത്തി നടിയിൽ നിന്നും മൊഴി രേഖ‌പ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക