കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ദിലീപിന്റെ ജാമ്യത്തിനായി ഹൈക്കോടതിയെ ഇനി വാദിക്കാന്‍ എത്തുന്നത് അഭിഭാഷകന്‍ ബി രാമന്‍പിള്ളയാണ്. നേരത്തെ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്‍റെ ജാമ്യഹർജികൾ തള്ളിയിരുന്നു. തുടര്‍ന്നാണ് അഡ്വ രാംകുമാറിനെ മാറ്റി മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയെ കേസ് ഏല്‍പ്പിച്ചത്.
ദിലീപുമായി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധമുള്ള അഭിഭാഷകനാണ് രാമന്‍പിള്ള. കാവ്യ മാധവനും നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹമോചന കേസില്‍ നിഷാലിനായി ഹാജരായത് രാമന്‍പിള്ളയായിരുന്നു. അദ്ദേഹത്തിന്റെ ശക്തമായ ഇടപെടല്‍ മൂലമാണ് വിവാഹമോചനം വേഗത്തിലായതും തുടര്‍ന്ന് കാവ്യ ദിലീപിനെ സ്വന്തമാക്കിയതും.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ആദ്യം തീരുമാനിച്ചിരുന്നതും രാമന്‍പിള്ളയെ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ (47) ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനായി ഹാജരായതും രാമന്‍പിള്ളയായിരുന്നു.
സ്ത്രീപീഡനക്കേസുകളിൽ സുപ്രീംകോടതിയുടെ നിലപാട് പ്രതിക്ക് അനുകൂലമല്ല. ഇത്തരം കേസുകളുമായി സുപ്രീംകോടതിയില്‍ എത്തിയാല്‍ ദയ പ്രതീക്ഷിക്കേണ്ടെന്നാണ് ദിലീപിന് ലഭിച്ച നിയമോപദേശം. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെത്തന്നെ ഒരിക്കൽകൂടി ആശ്രയിക്കാന്‍ താരം തീരുമാനിച്ചത്.