“അദ്ദേഹത്തിന് ഭരണകക്ഷിയിലെ ഉന്നതരുമായി അടുത്ത ബന്ധം, എന്നെ ഒന്നാം നമ്പര്‍ ശത്രുവായിട്ടാണ് കാണുന്നത്” - പൊലീസ് നീക്കത്തെ പൊളിച്ചടുക്കി ദിലീപ് - ലിബര്‍ട്ടി ബഷീറിനെതിരെ പരാമര്‍ശങ്ങള്‍

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2017 (17:07 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയില്‍ തിയേറ്റര്‍ ഉടമയായ ലിബര്‍ട്ടി ബഷീറിനെതിരെ പരാമര്‍ശങ്ങള്‍.

“ലിബര്‍ട്ടി ബഷീറിന് തന്നോട് ശത്രുതയുണ്ട്. അദ്ദേഹത്തിന്റെ തീയേറ്റര്‍ വ്യവസായം തകര്‍ത്തത് താനാണെന്ന് അദ്ദേഹം  പറഞ്ഞിട്ടുണ്ട്. തന്നെ ഒന്നാം നമ്പര്‍ ശത്രുവായിട്ടാണ് ബഷീര്‍ കാണുന്നത്. അദ്ദേഹത്തിന് ഭരണകക്ഷിയിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ട്. തന്നെ അന്വേഷണ സംഘം 13മണിക്കൂര്‍ ചോദ്യം ചെയ്തത് പുതിയ തീയേറ്റര്‍ സംഘടന നിലവില്‍ വരുന്നതിന്റെ തലേന്നാണ് ”- എന്നും അഡ്വ ബി രാമന്‍പിള്ള മുഖേന നല്‍കിയ ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കുന്നു.

സിനിമയിലെ ചിലര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ശക്തരായ ആളുകളാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. മാധ്യമങ്ങളെയും പൊലീസിനെയും രാഷ്ട്രീയ നേതാക്കളേയും ഇവര്‍ സ്വാധീനിച്ചിട്ടുണ്ടെന്നും 51 പേജുള്ള ഹര്‍ജിയില്‍ ദിലീപ് പറയുന്നുണ്ട്.

തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നും ഇതിനായി അവര്‍ മാധ്യമങ്ങളെയും പൊലീസിനെയും രാഷ്ട്രീയനേതാക്കളെയും സ്വാധീനിച്ചുവെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു. ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ തന്റെ ചിത്രങ്ങള്‍ മുഴുവന്‍ പ്രതിസന്ധിയിലായി. അന്‍പതു കോടിയോളം രൂപ ഇതിനായി മുടക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതോടൊപ്പം, അറസ്റ്റ് ചെയ്ത സമയത്ത് താരം പറഞ്ഞ നിലപാടില്‍ തന്നെയാണ് ഇപ്പോഴും. കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ അറിയില്ലെന്ന് ദിലീപ് വ്യക്തമാക്കി. ഇന്ന് നല്‍കിയ ജാമ്യാപേക്ഷയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സുനിയെ മുഖപരിചയം പോലുമില്ല. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചുവെന്നും അപേക്ഷയില്‍ പറയുന്നു.
Next Article