താനായിരുന്നു മുഖ്യമന്ത്രിയെങ്കിൽ ജേക്കബ് തോമസ് വീട്ടിലിരുന്നേനെ, അദ്ദേഹം സര്‍ക്കാരിനെ വേട്ടയാടുന്നു: മഞ്ഞളാംകുഴി അലി
ബുധന്‍, 16 ഡിസംബര്‍ 2015 (10:07 IST)
ഡിജിപി ജേക്കബ് തോമസിനെതിരെ നിയമസഭയില്‍ രൂക്ഷവിമര്‍ശനമുന്നയിച്ച് നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലി. താനായിരുന്നു മുഖ്യമന്ത്രിയെങ്കിൽ ജേക്കബ് വീട്ടിലിരുന്നേനെ. സര്‍ക്കാര്‍ ജേക്കബിനെ വേട്ടയാടുന്നുവെന്ന് എല്ലാവരും പറയുന്നു. എന്നാല്‍, യഥാര്‍ഥത്തില്‍ അദ്ദേഹമാണ് സര്‍ക്കാരിനെ വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതിനാലാണ് ജേക്കബ് തോമസ് സര്‍വ്വീസിലിരിക്കുന്നത്. നിയമങ്ങളും രേഖകളും മതിയായ രീതിയില്‍ പഠിക്കാതെയാണ് അദ്ദേഹം പ്രസ്‌താവന നടത്തുന്നതെന്നും മഞ്ഞളാംകുഴി അലി പറഞ്ഞു. കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കണോ എന്നതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്കുകയായിരുന്നു നഗര വികസന മന്ത്രി.
ബാർ കോഴയുൾപ്പടെയുള്ള വിഷയങ്ങളിൽ സർക്കാരിനെതിരെ വിമർശനങ്ങളുമായി ജേക്കബ് തോമസ് രംഗത്തെത്തിയിരുന്നു. ജേക്കബ് തോമസിന്റെ നിലപാടുകൾ സർക്കാരിനെ വേട്ടയാടുന്നതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും നേരത്തെ പറഞ്ഞിരുന്നു. എന്നാൽ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു.