ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഭക്ഷണശാലയില്‍ ഷര്‍ട്ട് ധരിക്കാന്‍ അനുമതി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 26 മെയ് 2025 (15:38 IST)
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അന്നലക്ഷ്മി ഹാളില്‍ ഭക്തരെ  ഷര്‍ട്ട് ധരിക്കാന്‍ അനുവദിക്കാന്‍ മെയ് 22ന് ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. പ്രസാദഊട്ട് വിളമ്പുന്ന ഡൈനിങ് ഹാളിനുള്ളില്‍ ഷര്‍ട്ടുകള്‍ അനുവദിക്കണമെന്നത് ഭക്തരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദഊട്ടിനായി കാത്തിരിക്കുമ്പോള്‍ ഭക്തരോട് ഷര്‍ട്ട് ഊരിമാറ്റാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നത് വളരെക്കാലമായി പതിവാണ്. പലപ്പോഴും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമുള്ളവര്‍ പോലും ഇത്തരം നിര്‍ദ്ദേശങ്ങള്‍ എതിര്‍ക്കുകയും ഡൈനിങ് ഹാളിനുള്ളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുകയും ചെയ്യാറുണ്ട്. 
 
തന്ത്രിയുമായി കൂടിയാലോചിച്ചെടുത്ത തീരുമാനം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലെങ്കിലും, ഷര്‍ട്ട് ധരിച്ചവരോട് ഇപ്പോള്‍ അത് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്നില്ല. ജൂണ്‍ മുതല്‍ തീരുമാനം നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.കൂടാതെ  ശുചിത്വം ഉറപ്പാക്കാന്‍ ഭക്ഷണം വിളമ്പുന്നവര്‍ തൊപ്പിയും കയ്യുറകളും ധരിക്കുന്നത് നിര്‍ബന്ധമാക്കാനും കമ്മിറ്റി തീരുമാനിച്ചു. അതോടൊപ്പ തന്നെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്ന ഭക്തരുടെ എണ്ണം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് നാലമ്പലത്തിലേക്കുള്ള പ്രവേശന കവാടം വീതികൂട്ടുന്നതിനെക്കുറിച്ച് ഗുരുവായൂര്‍ ദേവസ്വം ആലോചിക്കുന്നുണ്ട്. നാലമ്പലത്തിലേക്കുള്ള പ്രവേശന കവാടം ഇടുങ്ങിയതായതിനാല്‍ ദര്‍ശനത്തിനുള്ള ക്യൂ ശ്രീകോവിലിനു മുന്നിലുള്ള ഇടനാഴിയിലെത്തുമ്പോള്‍ വലിയ തിരക്ക് അനുഭവപ്പെടുന്നു. 
 
ക്ഷേത്രത്തിനുള്ളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മാനേജ്മെന്റ് കമ്മിറ്റി പരിശോധിച്ചുവരികയാണെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍ പറഞ്ഞു. വാസ്തു വിദഗ്ദ്ധനും ജ്യോതിഷിയുമായ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി ക്ഷേത്രം സന്ദര്‍ശിക്കുകയും പ്രവേശന കവാടത്തിന്റെ വീതികൂട്ടലുമായി ബന്ധപ്പെട്ട വാസ്തു വശങ്ങള്‍ വിശകലനം ചെയ്യുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍