‘ജനയുഗം എന്ന മരത്തില്‍നിന്നും വീഴുന്നത് കലങ്ങി നിറം മങ്ങിയ വെള്ളം’

Webdunia
വ്യാഴം, 20 നവം‌ബര്‍ 2014 (11:21 IST)
ജനയുഗം പത്രത്തിനെതിരെ ദേശാഭിമാനിയുടെ വിമര്‍ശനം. ജനയുഗം എന്ന മരത്തില്‍ നിന്നും വീഴുന്നത് കലങ്ങി നിറം മങ്ങിയ വെള്ളമാണ്. ബാര്‍ കോഴ വിവാദത്തിലെ സിപിഎം നിലപാടില്‍ ജനയുഗം അസത്യവും അബദ്ധങ്ങളും പ്രചരിപ്പിക്കുന്നു. 
 
തൊലിക്ക് നല്ല  കട്ടിയുണ്ടെങ്കിലും രാഷ്ട്രീയ വിശകലനമായി അസത്യം എഴുതരുത്. മാണിയേയും കോണിയേയും ക്ഷണിച്ചാലുണ്ടാകുന്ന വിപത്തിനെക്കുറിച്ച് പറഞ്ഞ് പരിഹാസത്തിന് ഇരയാകരുത്. മഴ തോര്‍ന്നിട്ടും പെയ്യുന്ന മരം എന്ന ലേഖനത്തിലാണ് ദേശാ‍ഭിമാനി മറുപടി രൂപത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
 
നവംബര്‍ രണ്ടിന് പിണറായി ദേശാഭിമാനിയിലൂടെ നടത്തിയ പ്രതികരണത്തില്‍ കെ എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്ന ജനയുഗം പത്രത്തിന്റെ പ്രതികരണത്തിനെതിരെയാണ് ലേഖനത്തിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.
 
ലേഖനത്തിന്റെ പൂര്‍ണരൂപം- അടുത്ത പേജില്‍
 

മഴ തോര്‍ന്നിട്ടും പെയ്യുന്ന മരം
 
 
മഴ തോര്‍ന്നാലും മരം പെയ്യും. ദൗര്‍ഭാഗ്യവശാല്‍ ജനയുഗം എന്ന മരത്തില്‍നിന്ന് വീഴുന്നത് കലങ്ങി നിറംമങ്ങിയ വെള്ളമാണ്. "സംഘപരിവാര്‍ വാദത്തിന്റെ മറയിട്ടാല്‍ സത്യം ഇല്ലാതാകുമോ' എന്ന തലക്കെട്ടില്‍ ജനയുഗം എഡിറ്റോറിയല്‍ പേജില്‍ നവംബര്‍ 19ന് പ്രസിദ്ധീകരിച്ച കുറിപ്പില്‍ അസത്യവും അബദ്ധവുമാണ് നിറഞ്ഞു നില്‍ക്കുന്നതെന്ന് വിനയത്തോടെ പറയട്ടെ. അത് എഴുതിയ രാഷ്ട്രീയ ലേഖകനോട് ഒരഭ്യര്‍ഥനയുണ്ട്- രാഷ്ട്രീയ വിശകലനമെന്നപേരില്‍ സൃഷ്ടികര്‍മത്തിലേര്‍പ്പെടുന്നതിന് മുന്‍പ് സ്വന്തം പത്രമെങ്കിലും വായിക്കണം.
 
നവംബര്‍ രണ്ടിന് പിണറായി വിജയന്‍ ദേശാഭിമാനിയിലൂടെ നടത്തിയ പ്രതികരണത്തില്‍ കെ എം മാണി രാജിവയ്ക്കണമെന്ന ആവശ്യംപോലും അദ്ദേഹം ഉന്നയിക്കുന്നില്ലെന്നാണ് പരിദേവനം. അന്ന് പുറത്തിറങ്ങിയ ജനയുഗത്തിന്റെ അവസാനപേജില്‍ പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണമുണ്ട്. അതിന്റെ തലക്കെട്ട്, "കോഴ ആരോപണം സിറ്റിങ്ങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണം: പന്ന്യന്‍' എന്നാണ്. ധനമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെങ്കില്‍ ആരോപണം ഉന്നയിച്ച ബിജു രമേശും ശിക്ഷിക്കപ്പെടണമെന്നും സംഭവത്തില്‍ കെ എം മാണി മാത്രമാവില്ല കുറ്റക്കാര്‍, മറ്റു മന്ത്രിമാര്‍ക്കും ഇതില്‍ പങ്കുണ്ടാകാമെന്നുമൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
 
നവംബര്‍ ഒന്നിന് നടത്തിയ പത്രസമ്മേളനത്തില്‍ ഇക്കാര്യങ്ങളൊക്കെത്തന്നെയാണ് പിണറായിയും പറഞ്ഞത്. അന്നത്തെ ജനയുഗംതന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു: അന്വേഷണ പരിധിയില്‍ മാണിക്കു പുറമെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും എക്സൈസ് മന്ത്രി ബാബുവിനെയും ഉള്‍പ്പെടുത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതാണോ പിണറായി ചെയ്ത അപരാധം? എന്താണ് തര്‍ക്കം? ജുഡീഷ്യല്‍ അന്വേഷണം സമഗ്രമല്ലെന്നോ സമഗ്ര അന്വേഷണമെന്നാല്‍ ജുഡീഷ്യറി മാറ്റിനിര്‍ത്തപ്പെടുമെന്നോ? ജനപ്രിയരും ജനകീയരുമാകാന്‍ സിപിഐ എം നേതാക്കളെ ഉപദേശിക്കുന്ന ജനയുഗത്തിന്റെ "രാഷ്ട്രീയ ലേഖകന്‍' ഒന്നറിയണം. നവംബര്‍ ഒന്നിന് രാവിലെമുതല്‍ ഉച്ചവരെ കൈക്കോട്ടുമായി ജഗതിയില്‍ സാധാരണക്കാരില്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്കൊപ്പം നഗരശുചീകരണ പരിപാടിക്ക് നേതൃത്വം നല്‍കുകയായിരുന്നു പിണറായി വിജയന്‍. മെഡിക്കല്‍ കോളേജില്‍ കോടിയേരി ബാലകൃഷ്ണന്റെയും എരുമക്കുഴിയില്‍ തോമസ് ഐസക്കിന്റെയും നേതൃത്വത്തില്‍ തിരുവനന്തപുരത്തെ സിപിഎ എം നേതാക്കളും പ്രവര്‍ത്തകരും വിയര്‍പ്പൊഴുക്കി പണിയെടുക്കുമ്പോഴാണ് ചാനലുകളില്‍ ബാര്‍വിവാദം കത്തിപ്പടര്‍ന്നത്. ഉച്ചവരെ ശുചീകരണ പരിപാടിയിലേര്‍പ്പെട്ട്, ആ പരിപാടിയുടെ അടുത്ത ഘട്ടത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മാണി ഉള്‍പ്പെട്ട വിവാദത്തെക്കുറിച്ച് പിണറായി പ്രതികരിച്ചത്.സംഭവത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമായതിനെത്തുടര്‍ന്ന്, തൊട്ടുപിറ്റേന്നുതന്നെ മാണി രാജിവയ്ക്കണമെന്നും അതിനു തയ്യാറല്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നുമാണ് പിണറായി ആവശ്യപ്പെട്ടത്.
 
നവംബര്‍ മൂന്നിന്റെ ദേശാഭിമാനിയുടെ ഒന്നാംപേജില്‍ പിണറായിയുടെ പ്രസ്താവനയുണ്ട്. മാണി രാജിവയ്ക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടതും ഇതേ ദിവസത്തെ പത്രത്തിലാണ് അച്ചടിച്ചുവന്നത്. നവംബര്‍ മൂന്നിന്റെ ജനയുഗം ഒന്നാംപേജില്‍ ആ പ്രസ്താവന പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. തലക്കെട്ട് "കോഴ: മന്ത്രി കെ എം മാണി രാജിവെക്കണം: പന്ന്യന്‍'' എന്ന്. അതേ ജനയുഗത്തിന്റെ അവസാന പുറത്ത് പിണറായിയുടെ പ്രസ്താവനയുമുണ്ട്- "കെ എം മാണി രാജിവെക്കണം: പിണറായി' എന്ന് ഒറ്റക്കോളം തലക്കെട്ടില്‍. "മാണിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണം' എന്നുകൂടി ആദ്യദിവസം പന്ന്യന്‍ പറഞ്ഞതില്‍ ഉണ്ടെന്ന് വാദിച്ചാല്‍തന്നെ, എങ്കില്‍ രാജി ആവശ്യം എന്തുകൊണ്ട് ജനയുഗത്തിന്റെ തലക്കെട്ടായി വന്നില്ല എന്ന ചോദ്യം അവശേഷിക്കുന്നു.
 
സ്വന്തം പാര്‍ടി സെക്രട്ടറിയുടെ ഊന്നല്‍ പത്രാധിപര്‍ക്ക് മനസിലായില്ലേ? കെ എം മാണി രാജിവയ്ക്കണമെന്ന ആവശ്യം സിപിഐ എമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാര്‍ ഉയര്‍ത്തിയത് ഒരേ ദിവസമാണ് എന്നത് സ്വന്തം പത്രത്തില്‍തന്നെ അനിഷേധ്യമായി നില്‍ക്കെയാണ്, ശരിയായ ഇടതുപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഒരു മുതിര്‍ന്ന നേതാവ് ഇങ്ങനെ ചിന്തിക്കാനിടയായ സാഹചര്യം എന്തായിരിക്കുമെന്ന സംശയം ജനങ്ങള്‍ക്കുണ്ടാവുക സ്വാഭാവികം മാത്രമാണ്' എന്നൊക്കെ ജനയുഗം എഴുതുന്നത്. യുഡിഎഫ് നേരിയ ഭൂരിപക്ഷത്തിന് അധികാരമേറ്റതുമുതല്‍ ഇന്നുവരെ, പാര്‍ലമെന്ററി ഉപജാപങ്ങളിലൂടെ അട്ടിമറി നടത്തി അധികാരത്തിലേറാന്‍ ഇല്ലെന്ന് അര്‍ഥശങ്കയില്ലാതെ പറയുന്ന നേതാവാണ് പിണറായി വിജയന്‍ എന്നെങ്കിലും ലേഖകന്‍ ഓര്‍ക്കണമായിരുന്നു. തൊലിക്കു നല്ല കട്ടിയുണ്ടെങ്കില്‍പ്പോലും രാഷ്ട്രീയവിശകലനമായി അസത്യം എഴുതരുത് എന്നാണിതിലെ പ്രധാന പാഠം.
 
ജനയുഗം ലേഖകന്‍ നിര്‍ത്തുന്നില്ല: ‘സെക്രട്ടേറിയറ്റ് ഉപരോധസമരത്തെക്കുറിച്ചും ആക്ഷേപങ്ങള്‍ പലര്‍ക്കുമുണ്ട്. സമരത്തിനിടയില്‍ സെക്രട്ടേറിയറ്റില്‍ കുടുങ്ങിപ്പോയ ആറ് മന്ത്രിമാര്‍ എങ്ങനെ പുറത്തുപോയി എന്നതില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടായി. സമരം അവസാനിപ്പിച്ചശേഷം ഒരു വിവാദ കൊലപാതകത്തെ അതുമായി കൂട്ടിച്ചേര്‍ത്ത് വാര്‍ത്തകള്‍ വരാനിടയാക്കിയ സാഹചര്യവും ചര്‍ച്ച ചെയ്യപ്പെട്ടു‘ എന്നുവരെ അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. സ്വന്തം പാര്‍ട്ടിയെ അപമാനിക്കുന്നതിന് പരിധിയില്ലേ? ഉപരോധ സമരത്തില്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍പോലുമുള്ള സാന്നിധ്യം സിപിഐയുടേതായി ഉണ്ടായിരുന്നില്ല എന്ന ആക്ഷേപമായാണ് അത് വായിക്കപ്പെടുക. സമരം സംബന്ധിച്ച "സംശയം' തീര്‍ക്കാന്‍ അതിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കക്ഷികളിലൊന്നിന് ഒരു വര്‍ഷം പോരാ എന്ന ദൗര്‍ബല്യത്തിന്റെ തുറന്നുപറച്ചിലായും അത് ധരിക്കപ്പെടും. അത്തരം കാര്യങ്ങളില്‍ രാഷ്ട്രീയ ലേഖകന് വ്യക്തതയുണ്ടാക്കിക്കൊടുക്കാന്‍ അദ്ദേഹത്തിന്റെതന്നെ നേതാക്കള്‍ക്കാണ് കഴിയുക. അതാകട്ടെ, അവിടെത്തന്നെ നടക്കേണ്ട കാര്യവുമാണ്. എതിരാളികള്‍ സമരത്തിനുനേരെ എറിഞ്ഞ കല്ലെടുത്ത് സ്വന്തം കൂട്ടിലേക്കെറിയുന്നതിന് മുമ്പ്, "വിവാദ കൊലപാതക'ത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തുകഴിഞ്ഞിരുന്നു എന്ന് ചിന്തിക്കാനുള്ള വിശേഷബുദ്ധി ലേഖകനുണ്ടാകണമായിരുന്നു.
 
കോടതി വിചാരണ പൂര്‍ത്തിയായ കേസില്‍ സര്‍ക്കാരിന് എന്തുചെയ്യാനാകും എന്നു മനസിലാക്കാന്‍ നിയമം പഠിക്കേണ്ട- രാഷ്ട്രീയത്തിന്റെ ബാലപാഠമറിഞ്ഞാല്‍ മതി. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ശത്രുക്കള്‍ ഉപയോഗിച്ച് പഴകിത്തുരുമ്പിച്ച ആയുധംകൊണ്ട് ഇത്തരം അഭ്യാസം നടത്തുന്നതിനെ എതിര്‍ക്കുന്നില്ല; അഴകൊഴമ്പന്‍ സമീപനമാണത് എന്ന് ആക്ഷേപിക്കുന്നുമില്ല-അണുബാധയുണ്ടാകാതെ നോക്കണം എന്ന സദുപദേശംമാത്രം. "കെ എം മാണിക്കെതിരായ ആരോപണം ഉയര്‍ന്നുവന്നതിനു ശേഷം ഒരുമിച്ചിരിക്കാനോ ഒരുമിച്ച് സമരം ആലോചിക്കാനോ സാധിച്ചില്ലെന്നത് യാഥാര്‍ഥ്യമല്ലേ? അതിന് കഴിയാതെവന്നതിന്റെ കാരണങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയില്ല' എന്നുമുണ്ട് "രാഷ്ട്രീയ ലേഖന'ത്തില്‍. ജനങ്ങള്‍ക്ക് അത്തരം അറിവില്ലായ്മയൊന്നുമില്ല. യോഗം ചേരണമെന്നാവശ്യപ്പെട്ട് കത്തെഴുതുകയും ആ കത്ത് പത്രങ്ങള്‍ക്ക് കൊടുക്കുകയും ചെയ്തതും നിശ്ചയിച്ച ദിവസം എം വി രാഘവന്‍ അന്തരിച്ചതും പരസ്പര ആലോചനയുടെ അടിസ്ഥാനത്തില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയതുമെല്ലാം മനസിലാക്കാന്‍ പ്രാപ്തിയില്ലാത്തവരായി ജനങ്ങളെ കുറച്ചുകാണരുത്.
 
മാണിയെയും കോണിയെയും ക്ഷണിച്ചാലുണ്ടാകുന്ന വിപത്തിനെക്കുറിച്ച് ആലങ്കാരികമായി പറഞ്ഞ് എതിരാളികളുടെ പരിഹാസത്തിനിരയാകരുതെന്ന ഒരപേക്ഷ കൂടിയുണ്ട്. അതിന്റെയൊക്കെ ചരിത്രവും ജനങ്ങള്‍ മനസിലാക്കുന്നുണ്ടാവുമല്ലോ. രാഷ്ട്രീയ ലേഖകന്റെതന്നെ വാക്കുകള്‍ കടമെടുക്കട്ടെ: തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത് തിരുത്താനാണ്. ആരെയും തകര്‍ക്കാനോ പരിഹസിക്കാനോ അല്ലെന്ന വസ്തുത ആദ്യം തിരിച്ചറിയണം. തെറ്റുകള്‍ അംഗീകരിക്കുകയും അത് തിരുത്തി മുന്നോട്ടുപോവുകയും ചെയ്യുമ്പോഴാണ് കൂടുതല്‍ ജനപ്രിയരും ജനകീയരുമാകാന്‍ കഴിയുക. നമുക്ക് തെറ്റ് പറ്റാറില്ലെന്നും തെറ്റു പറ്റാത്തവരാണ് നമ്മളെന്നും വാദിക്കുന്നത് മൗഢ്യമാണ്. അത് ഓര്‍മിച്ചാല്‍മതി.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article