കടലിൽ കുടുങ്ങിയ എല്ലാവരെയും കണ്ടെത്തും വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് പ്രതിരോധമന്ത്രി; നടക്കുന്നത് സുനാമിയുണ്ടായപ്പോള്‍ നടത്തിയതിനേക്കാള്‍ ശക്തമായ രക്ഷാ പ്രവര്‍ത്തനം

തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (10:30 IST)
കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ തലസ്ഥാനത്തെത്തി. ഓഖി ചുഴലിക്കാറ്റ് കനത്ത ദുരന്തം വിതച്ച് കടന്നുപോയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് പ്രതിരോധമന്ത്രി തിരുവനന്തപുരത്തെത്തിയത്. കഴിഞ്ഞ ദിവസം കന്യാകുമാരി സന്ദര്‍ശിച്ച ശേഷമാണ് കേന്ദ്രമന്ത്രി തിരുവനന്തപുരം വിഴിഞ്ഞത്ത് എത്തിയത്.  
 
മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇപ്പോളും പുരോഗമിക്കുകയാണ്. മറ്റു തീരങ്ങളില്‍ അകപ്പെട്ട മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ ആധുനിക സഹായങ്ങളും നല്‍കിയിട്ടുണ്ടെന്നും സുനാമിയുണ്ടായപ്പോള്‍ നടത്തിയതിനേക്കാള്‍ ശക്തമായ രക്ഷാ പ്രവര്‍ത്തനങ്ങളാണു ഇപ്പോള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു
 
കടലില്‍ കാണാതായ എല്ലാവരെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പൂന്തുറയിലും മന്ത്രി സന്ദര്‍ശനം നടത്തും. സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്ന പ്രതിരോധമന്ത്രി രക്ഷാപ്രവര്‍ത്തന നടപടിക്രമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് വിവരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍