ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നതിൽ ജനത്തിന് ആശങ്കയുയുണ്ടെന്ന് മുൻ മുഖ്യമന്ത്രി ജയലളിതയുടെ അനന്തരവൾ ദീപ ജയകുമാർ. ഭരണപക്ഷം ശശികലയെ തെരഞ്ഞെടുത്തത് ഖേദകരമാണ്. തമിഴ് ജനത ജയലളിതയ്‌ക്കാണ് വോട്ട് ചെയ്തതെന്നും ശശികലക്ക് വോട്ട് ചെയ്തിട്ടില്ലെന്നും ദീപ പറഞ്ഞു.
ശശികല മുഖ്യമന്ത്രിയായി വരുന്നത് ദു:ഖകരവും നാണക്കേട് ഉണ്ടാക്കുന്നതുമാണ്. തമിഴ്നാട്ടിൽ രാഷ്‌ട്രീയ അസ്ഥിരത നിലനിൽക്കുകയാണ്. 33 വർഷം ജയലളിതയ്‌ക്കൊപ്പം ഉണ്ടായിരുന്നു എന്ന് കരുതി ഒരാൾക്ക് മുഖ്യമന്ത്രിയാവാൻ യോഗ്യതയില്ല. തന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പദ്ധതികൾ എന്താണെന്ന് വ്യക്തമാക്കാൻ തന്റെ മേൽ സമ്മർദ്ദമുണ്ട്. അമ്മയുടെ ജന്മദിനമായ ഫെബ്രുവരി 24ന് അതൊക്കെ പ്രഖ്യാപിക്കുമെന്നും ദീപ പറഞ്ഞു.
ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യ ദിനം മുതൽ തനിക്ക് അപ്പോളൊ ആശുപത്രിയിലേക്ക് പ്രവേശനം നിഷേധിച്ചു. ഒരിക്കൽ പോലും ജയലളിതയെ കാണാൻ അനുവദിച്ചില്ല. ശശികലയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നെന്ന് ഭരണപക്ഷം തീരുമാനിച്ചതിന് ശേഷം നിരവധി പേർ തന്നെ വിളിക്കുന്നുണ്ടെന്നും ദീപ ചെന്നൈയില്‍ പറഞ്ഞു.