കൊല്ലം ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കി

എ കെ ജെ അയ്യര്‍
വെള്ളി, 21 മെയ് 2021 (21:12 IST)
കൊല്ലം: കഴിഞ്ഞ ദിവസം രേഖകള്‍ കാര്യമായി പരിശോധിക്കാതെ കൊല്ലം ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കുകയും അത് സംസ്‌കരിക്കുകയും ചെയ്തു. കിളികൊല്ലൂര്‍ കന്നിമേല്‍ചേരി കണിയാംപറമ്പില്‍ ശ്രീനിവാസന്റെ (75) മൃതദേഹമാണ് കൊല്ലം കച്ചേരി പൂത്തലില്‍ വീട്ടില്‍ സുകുമാരന്റെ (78) മൃതദേഹമെന്ന് പറഞ്ഞു സുകുമാരന്റെ ബന്ധുക്കള്‍ക്ക് നല്‍കിയത്. മൃതദേഹം കിട്ടിയതും ബന്ധുക്കള്‍ അത് സംസ്‌കരിക്കുകയും ചെയ്തു.
 
കോവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയിലായിരുന്ന ശ്രീനിവാസനെ അസുഖം കൂടിയതോടെ ബുധനാഴ്ച ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ വഴിയില്‍ വച്ച് തന്നെ അദ്ദേഹം മരിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് കോവിഡ് പരിശോധന നടത്തിയപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും ചെയ്തു.
 
എന്നാല്‍ കഴിഞ്ഞ ദിവസം ശ്രീനിവാസന്റെ ബന്ധുക്കള്‍ എത്തി മൃതദേഹം ആവശ്യപ്പെട്ടപ്പോള്‍ രജിസ്റ്റര്‍ പ്രകാരം മോര്‍ച്ചറി ഫ്രീസര്‍ പരിശോധിച്ചപ്പോള്‍ മൃതദേഹം ഇല്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുകുമാരന്‍ എന്നൊരാളുടെ മൃതദേഹം അധികമായുള്ളതായി കണ്ടെത്തി. അതോടെ മൃതദേഹം മാറിനല്‍കിയെന്നു വ്യക്തമായി. എന്നാല്‍ ഈ സമയത്തിനകം സുകുമാരന്റെ ബന്ധുക്കള്‍ ശ്രീനിവാസന്റെ മൃതദേഹം മുളങ്കാടകം ശ്മശാനത്തില്‍ കൊണ്ടുപോയി സംസ്‌കരിച്ചിരുന്നു.
 
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ എത്തി ശ്രീനിവാസന്റെ ചിതാഭസ്മം സുകുമാരന്റെ ബന്ധുക്കളില്‍ നിന്ന് വാങ്ങി ശ്രീനിവാസന്റെ ബന്ധുക്കള്‍ക്ക് നല്‍കി. മൃതദേഹത്തില്‍ ഉള്ള ടോക്കണും രജിസ്റ്ററും ഒത്തുനോക്കാതെ മൃതദേഹം നല്‍കിയതാണ് വീഴ്ചയ്ക്ക് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ബാധിച്ചവരുടെ മൃതദേഹം പ്രത്യേക ഷീറ്റ് ഉപയോഗിച്ച് പൊതിയുമെങ്കിലും മുഖം വ്യക്തമായി കാണാന്‍ കഴിയുന്ന തരാം ഗ്‌ളാസ് ഉണ്ട്. എങ്കിലും കൃത്യമായി നോക്കാത്തതും വീഴ്ചയ്ക്ക് കാരണമായി.

അനുബന്ധ വാര്‍ത്തകള്‍

Next Article