കിളിമാനൂർ: ദളിത് യുവതിയെ വിവാഹം കഴിച്ച ശേഷം പിന്നാക്ക ജാതിക്കാരി എന്ന് പറഞ്ഞു അധിക്ഷേപിക്കുകയും ചെയ്തു ഉപേക്ഷിച്ച സർക്കാർ ഉദ്യോഗസ്ഥൻ വീണ്ടും മറ്റൊരു യുവതിയെ വിവാഹം ചെയ്തതോടെ അറസ്റ്റിലായി. കടയ്ക്കൽ കുമ്മിൾ തൂറ്റിക്കൽ മാങ്കോണം ശ്രീഗോകുലം വീട്ടിൽ ശ്രീനാഥിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
2021 ഫെബ്രുവരിയിലാണ് നാവായിക്കുളം ക്ഷേത്രത്തിൽ വച്ച് പട്ടികജാതിക്കാരിയായ സ്ത്രീയെ ശ്രീനാഥ് വിവാഹം കഴിച്ചത്. ഇരുവരും ഒരുമിച്ചു താമസിച്ച ശേഷം ഇയാൾ സ്ത്രീയുടെ ജാതിയെ കുറിച്ച് പറഞ്ഞു വിവേചനം കാട്ടുകയും ചെയ്തു. കുടുംബ വീട്ടിൽ കൊണ്ടുപോവുകയോ ബന്ധുക്കൾ, കൂട്ടുകാർ എന്നിവരുമായി സഹകരിപ്പിക്കുകയോ ചെയ്തില്ല. വാസ്തവത്തിൽ ഇയാൾ ഈ വിവാഹം മറ്റുള്ളവരിൽ നിന്ന് ഒളിച്ചു വയ്ക്കുകയും ചെയ്തു.
പിന്നീട് മറ്റൊരു സ്ത്രീയെ ഇയാൾ വിവാഹം കഴിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് പട്ടികജാതി കാരിയായ സ്ത്രീ പള്ളിക്കൽ പോലീസിൽ പരാതി നൽകിയതും പ്രതി അറസ്റ്റിലായതും. ഇതിനൊപ്പം ശ്രീനാഥ് രണ്ടാമത് വിവാഹം കഴിച്ച ഭാര്യ നൽകിയ പരാതിയിൽ വട്ടപ്പാറ പോലീസും കേസെടുത്തിട്ടുണ്ടെന്നു വർക്കല പോലീസ് വെളിപ്പെടുത്തി.