സനല്‍കുമാറിനെ ഡിവൈഎസ്പി ഹരികുമാര്‍ മനഃപൂർവ്വം കൊലപ്പെടുത്തിയത്, തള്ളിയിട്ടത് വാഹനം വരുന്നത് കണ്ടശേഷം: ക്രൈംബ്രാഞ്ച്

ചൊവ്വ, 13 നവം‌ബര്‍ 2018 (09:52 IST)
നെയ്യാറ്റിൻകര സ്വദേശി സനലിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാര്‍ കുറ്റക്കാരന്‍ തന്നെയെന്ന് ക്രൈംബ്രാഞ്ച്. പ്രതി സനലിനെ മനപ്പൂര്‍വം കൊലപ്പെടുത്തിയതാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.
 
വാഹനം വരുന്നത് കണ്ടതിന് ശേഷമാണ് പ്രതി സനലിനെ തള്ളിയിട്ടത്. ഇത് തെളിയിക്കുന്ന സാക്ഷിമൊഴികളു ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയത് കുറ്റകൃത്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായും കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു.
 
ഡിവൈഎസ്പിക്ക് ജാമ്യം നല്‍കരുതെന്ന ആവശ്യപ്പെടുന്ന റിപ്പോർട്ടും ക്രൈംബ്രാഞ്ച് ഇന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. കൊലക്കുറ്റത്തിന് പുറമേ മൂന്ന് വകുപ്പുകള്‍ കൂടി പ്രതിക്കതിരെ ചുമത്തിയിട്ടുണ്ട്.
 
സനലിന്റേത്  കരുതിക്കൂട്ടി നടത്തിയ കൊലയല്ലെന്നും അപകടമരണമാണെന്നുമാണ് ഡിവൈഎസ്പിയുടെ പ്രധാനവാദം. എന്നാല്‍ സാഹചര്യത്തെളിവുകള്‍ പരിശോധിക്കുമ്പോള്‍ മനഃപ്പൂര്‍വമുള്ള കൊലക്കുറ്റം നിലനില്‍ക്കുമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
 
കീഴടങ്ങുന്ന പക്ഷം തന്നെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് അയക്കരുതെന്ന് നിബന്ധനയുമായി പ്രതി രംഗത്ത് വന്നത് അന്വേഷണ സംഘത്തിന് തലവേദനയായി. താന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റ് ചെയ്ത പ്രതികളാണ് നെയ്യാറ്റിന്‍കര സബ് ജയിലിലുള്ളത്. അതിനാല്‍ തന്നെ നെയ്യാറ്റിന്‍കര സബ് ജയിലില്‍ കഴിയുന്നത് തന്റെ സുരക്ഷയെ ബാധിക്കുമെന്നാണ് ഹരികുമാറിന്റെ നിലപാട്. പൊലീസ് അസോസിയേഷനോടാണ് പ്രതി തന്റെ ആവശ്യം അറിയിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍