മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടു നിന്നവര്‍ പിണറായിയുടെ കണ്ണിലെ കരടാകും!

ചൊവ്വ, 22 നവം‌ബര്‍ 2016 (19:20 IST)
പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി ഇടുക്കി ഉടുമ്പൻചോല എംഎൽഎ എംഎം മണി സത്യപ്രതിജ്ഞ ചെയ്‌ത ചടങ്ങില്‍ നിന്ന് പ്രമുഖ നേതാക്കള്‍ വിട്ടു നിന്നത് ശ്രദ്ധേയമാകുന്നു.

സിപിഎമ്മിലെ മുതിര്‍ന്ന നേതാവും ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇപി ജയരാജന്‍, പികെ ശ്രീമതി എന്നിവരാണ് ചടങ്ങില്‍ നിന്ന് വിട്ടു നിന്നത്.

മുസ്​ലിം ലീഗ്​ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് സിപിഎമ്മിലെ പ്രമുഖരായ ജയരാജനും ശ്രീമതിയും വിട്ടു നിന്നത്. ബന്ധു നിയമനത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച ജയരാജന് പകരമായിട്ട് മണി മന്ത്രിസഭയില്‍ അംഗമായതാണ് ജയരാജനെ ചൊടിപ്പിച്ചത്. വിജിലന്‍‌സ് അന്വേഷണം പൂര്‍ത്തിയായ ശേഷം മന്ത്രിക്കുപ്പായം വീണ്ടും അണിയാമെന്ന ജയരാജന്റെ ആഗ്രഹം തകരുകയായിരുന്നു.

മന്ത്രിസഭയില്‍ എംഎം മണിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ സംസ്ഥാന കമ്മിറ്റി യോഗം ബഹിഷ്‌കരിച്ച് ജയരാജന്‍ ഇറങ്ങി പോയിരുന്നു. ബന്ധുനിയമനം കത്തി നില്‍ക്കുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമായി ജയരാജനുള്ള ബന്ധം വഷളായതായും വാര്‍ത്തകളുണ്ട്. വീഴ്‌ചയുണ്ടാകാതെ മുന്നോട്ട് പോകണമെന്ന നിര്‍ദേശം പതിവായി തെറ്റിക്കുന്നതും മുഖ്യമന്ത്രിയെ പോലും പ്രതിക്കൂട്ടിലാക്കുന്ന പ്രസ്‌താവനകളും ഇടപെടലുകളും നടത്തുന്നു എന്ന പരാതിയുമാണ് ഇപിക്കെതിരെ കോടിയേരി ഉന്നയിച്ചത്. ഇതാണ് അദ്ദേഹത്തിന്റെ മന്ത്രിസഭയിലേക്ക് തിരിച്ചുവരവിന് തടയിട്ടതും.

സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ജയരാജനായി സംസാരിക്കാന്‍ ശ്രമിച്ച പികെ ശ്രീമതിയും ഇന്നത്തെ ചടങ്ങില്‍ എത്തിയില്ല. പാര്‍ട്ടി തീരുമാനങ്ങളില്‍ നിന്ന് വ്യതിചലിച്ച് നീങ്ങുന്ന ജയരാജനെയും ശ്രീമതിയേയും സംസ്ഥാന കമിറ്റിയിലേക്ക് തരം താഴ്‌ത്താനും സാധ്യതയുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ്. ഇരുവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്.

തിരക്കുകളാലും ആരോഗ്യ കാരണങ്ങളാലുമാണ് വിഎസ് അച്യുതാനന്ദന്‍ ചടങ്ങിന് എത്താതിരുന്നത്. വിഎസിനെ കണ്ട് അനുഗ്രഹം വാങ്ങുമെന്ന് എംഎം മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചു. എന്നാല്‍ സഹകരണ പ്രസ്‌താനങ്ങളുടെ വിഷയത്തില്‍ ഇടതിനൊപ്പം നീങ്ങുന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വീണ്ടുമൊരു വിവാദം ഉണ്ടാക്കേണ്ട എന്നതിനാലാണ് അഞ്ചുമാസം പിന്നിടുന്ന പിണറായി മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണി ചടങ്ങില്‍ എത്താതിരുന്നത്.

വെബ്ദുനിയ വായിക്കുക