രാജ്യത്ത് പശുവിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നു: പിണറായി
തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (11:40 IST)
രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ഫാസിസ്‌റ്റ് നയങ്ങളെ വിമര്‍ശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. രാജ്യത്ത് പശുവിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ആര്‍എസ്എസ് നയങ്ങളുടെ സംരക്ഷകനാണ്. ബീഫിന്റെ പേരില്‍ വിവാദ പ്രസ്താവനകള്‍ നടത്തിയ ബിജെപി നേതാക്കളെ അമിത് ഷാ ശാസിച്ചത് നാടകമാണെന്നും പിണറായി വ്യക്തമാക്കി.
കോണ്‍ഗ്രസ് ഭരണത്തിന്റെ ഫലം മൂലമാണ് രാജ്യത്ത് വര്‍ഗീയ ശക്തികള്‍ തലപൊക്കിയത്. ഇടതുപക്ഷ ശക്തികള്‍ എന്നും കരുത്തോടെ നില നില്‍ക്കുന്ന കാരണമാണ് ഇത്തരക്കാര്‍ കേരളത്തില്‍ ക്ലച്ച് പിടിക്കാത്തത്. എന്നാല്‍ കോണ്‍ഗ്രസിനും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും ഇത്തരക്കാരോട് മൃദുസമീപനമാണെന്നും പിണറായി പറഞ്ഞു.
വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചതോടെ ഇടതുപക്ഷത്തിന്റെ ജനപിന്തുണ വര്‍ധിച്ചു. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടപ്പാക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും തൃശൂര്‍ പ്രസ് ക്ളബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ പിണറായി അറിയിച്ചു.