യുവതിയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്; ലക്‌ഷ്യം സാമ്പത്തികലാഭം; പരാതിക്ക് പിന്നില്‍ രാഷ്‌ട്രീയലക്‌ഷ്യമെന്നും സി പി എം കൌണ്‍സിലര്‍ ജയന്തന്‍

വ്യാഴം, 3 നവം‌ബര്‍ 2016 (13:59 IST)
കെട്ടിച്ചമച്ച ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നതെന്ന് ആരോപണവിധേയനായ സി പി എം കൌണ്‍സിലര്‍ ജയന്തന്‍. തിരുവനന്തപുരത്ത് യുവതിയുടെ വാര്‍ത്താസമ്മേളനത്തിനു ശേഷം മാധ്യമങ്ങളെ വിളിച്ചപ്പോഴാണ് മാധ്യമങ്ങള്‍ പ്രതികരണത്തിനായി വിളിച്ചപ്പോഴാണ് വടക്കാഞ്ചേരി കൌണ്‍സിലര്‍ കൂടിയായ ജയന്തന്‍ ഇങ്ങനെ പ്രതികരിച്ചത്.
 
യുവതിയുടേത് കെട്ടിച്ചമച്ച ആരോപണങ്ങളാണ്. പരാതിക്ക് പിന്നില്‍ രാഷ്‌ട്രീയലക്‌ഷ്യമുണ്ടോ എന്ന് സംശയിക്കുന്നു. മക്കള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞ് മൂന്നുലക്ഷം രൂപ യുവതിയും ഭര്‍ത്താവും തന്നില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. ഈ തുക തിരിച്ചു ചോദിച്ചപ്പോള്‍ ഉണ്ടാക്കിയ കഥയാണ് ഇപ്പോഴത്തേത്. 
 
യുവതിയും ഭര്‍ത്താവും അത്യാവശ്യം പറഞ്ഞപ്പോള്‍ തുക സംഘടിപ്പിച്ച് നല്കുകയായിരുന്നു. പണം നല്കിയതിന് തെളിവുണ്ട്. പൊലീസ് അന്വേഷണം നടത്തി കുറ്റക്കാരനാണെങ്കില്‍ നിയമനടപടി സ്വീകരിച്ചോട്ടെയെന്നും ടെലഫോണ്‍ അഭിമുഖത്തില്‍ ജയന്തന്‍ അവകാശപ്പെട്ടു.
 
ആരോപണം ഉന്നയിച്ചത് പണം സംബന്ധിച്ച ചില തര്‍ക്കങ്ങളെ തുടര്‍ന്നാണെന്ന് യുവതി കോടതിയില്‍ തന്നെ ബോധ്യപ്പെടുത്തിയതാണെന്നും ജയന്തന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക