ഭരണത്തുടര്‍ച്ചയെന്നത് കോണ്‍ഗ്രസിന്റെ അതിമോഹം മാത്രം; സിപിഎം- ബിജെപി സംഘര്‍ഷം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു: കോടിയേരി

Webdunia
ചൊവ്വ, 5 ജനുവരി 2016 (14:05 IST)
ഭരണത്തുടര്‍ച്ചയുണ്ടാകും എന്നത് കോണ്‍ഗ്രസിന്റെ അതിമോഹം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മും ബിജെപിയും തമ്മില്‍ എപ്പോഴും സംഘര്‍ഷം നിലനിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ഇതുവഴി രാഷ്ട്രീയ മുതലെടുപ്പാണ് അവര്‍ ഉദ്ദേശിക്കുന്നത്. കണ്ണൂരില്‍ സമാധാനം പുലരാന്‍ സിപിഎം ആരുമായും ചര്‍ച്ചയ്ക്ക് തയാറാണ്. അതിന് മുമ്പ് ആര്‍എസ്എസ് ആദ്യം ആയുധ പരിശീലനം നിര്‍ത്തണമെന്നും കോടിയേരി പറഞ്ഞു.

സിപിഎം ആര്‍എസ്എസുമായി കേരളത്തില്‍ വോട്ടു കച്ചവടം നടത്തിയിട്ടില്ല. എന്നാല്‍, കോണ്‍ഗ്രസ് അങ്ങനെ ചെയ്തിട്ടില്ലെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടിക്ക് ധൈര്യമുണ്ടോ. മുന്‍ കാലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വോട്ടുക്കച്ചവടം നടന്നിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് വെള്ളാപ്പള്ളിക്കൊപ്പം കോടതിയിലെത്തിയ രാജന്‍ ബാബുവിനെ മുന്നണിയില്‍ നിന്ന് പുറത്താക്കതെന്നും കോടിയേരി പറഞ്ഞു.

രാജന്‍ ബാബു തുടരുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംരക്ഷണതയുടെ പുറത്താണ്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിഡിജെഎസിന്റെ ഭാഗമാണ്. വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിക്കാന്‍ അവസരമൊരുക്കിയത് സര്‍ക്കാരാണ്. കേസ് എടുത്തിട്ട് പോലും തുടര്‍നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകാത്തതുമൂലമാണ് ജാമ്യം അനുവദിക്കാന്‍ കാരണമായതെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.