നൂറനാട് സിപിഎം ബിജെപി സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് വെട്ടേറ്റു. രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കുമാണ് പരുക്കേറ്റത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ വീടിനും വാഹനത്തിനും ഒരു സംഘം തീയിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.
ഡിവൈഎഫ്ഐ ചാരുംമൂട് ബ്ളോക്ക് സെക്രട്ടറി കൃഷ്ണനിവാസില്‍ വിനോദിന്റെ കാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കത്തിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണു സംഭവം നടന്നത്. വീടിന്റെ ജനല്‍ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ഞായറാഴ്ച ഉച്ച മുതല്‍ പാലമേല്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. ശനിയാഴ്ച രാത്രി യുവമോര്‍ച്ചാ ജില്ലാ നേതാവ് അനില്‍കുമാറിനു നൂറനാട് പള്ളിമുക്കിനു സമീപം വെട്ടേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.