മൈക്കിനോട് പോലും മെക്കിട്ട് കേറുന്നു, വിദേശയാത്ര ഒഴിവാക്കാമായിരുന്നു, പിണറായിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിലും വിമർശനം

അഭിറാം മനോഹർ
വ്യാഴം, 20 ജൂണ്‍ 2024 (12:52 IST)
തിരെഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്ന സിപിഎം സംസ്ഥാനസമിതിയോഗത്തില്‍ നിലവിലെ പിണറായി സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനം. മുഖ്യമന്ത്രിയുടെ ശൈലി, ഭരണത്തില്‍ വന്നിട്ടുള്ള വീഴ്ച എന്നിങ്ങനെ അക്കമിട്ടാണ് സമിതിയില്‍ വിമര്‍ശനമുയര്‍ന്നത്. മുഖ്യമന്ത്രിയുടെ സമീപനത്തില്‍ മാറ്റം വരുത്തണമെന്ന് മുന്‍പ് പാര്‍ട്ടിഘടകങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതിനെ അവഗണിക്കാനാണ് പാര്‍ട്ടി ശ്രമിച്ചതെന്നും ഇതേ സമീപനമാണ് തുടരുന്നതെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
 
മുഖ്യമന്ത്രിക്കെതിരെ ഉന്നയിക്കുന്നത് വ്യക്തിപരമായ വിമര്‍ശനമല്ലെന്ന് പ്രതിനിദികള്‍ വ്യക്തമാക്കുന്നു. തിരെഞ്ഞെടുപ്പ് ഫലം സംബന്ധിച്ചുള്ള സംസ്ഥാന സെക്രട്ടറിയേറ്റിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ചര്‍ച്ച നടക്കുന്നത്. പരിമിതമായ സാമ്പത്തികസ്ഥിതിക്കുള്ളില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്ന മുന്‍ഗണന സര്‍ക്കാരിന് ഉണ്ടാവുകയാണ് വേണ്ടത്. സാമ്പത്തിക പ്രതിസന്ധി എന്ന് ആവര്‍ത്തിച്ചത് കൊണ്ട് ജനങ്ങളുടെ മനസ് മാറില്ല.
 
 ക്ഷേമപെന്‍ഷന്‍ കൊടുത്ത് തീര്‍ക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ നവകേരള സദസ്സ് നടത്തിയത് ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകാതെ ഇരുന്നത് അതുകൊണ്ടാണ്. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഒന്നും ലഭിക്കില്ലെന്ന തോന്നല്‍ നിലനില്‍ക്കുമ്പോള്‍ കേന്ദ്രത്തിന്റെ സാമ്പത്തിക അടിയന്തിരാവസ്ഥ പറഞ്ഞത് കൊണ്ട് കാര്യമില്ല. ഈഴവ വോട്ടുകളില്‍ വന്ന വിള്ളലിനെ ഗൗരവത്തോടെ കാണണം. മുഖ്യമന്ത്രി തിരെഞ്ഞെടുപ്പിനിടയില്‍ നടത്തിയ വിദേശയാത്ര ഒഴിവാക്കേണ്ടതായിരുന്നു. മുഖ്യമന്ത്രിയുടെ പല പ്രതികരണങ്ങളും ജനങ്ങള്‍ക്ക് ദഹിക്കുന്നതായിരുന്നില്ല. മൈക്കിനോട് പോലും കയര്‍ക്കുന്ന തരത്തിലുണ്ടായ അസഹിഷ്ണുത ജനങ്ങളില്‍ അവമതിപ്പുണ്ടാക്കി. രാജ്യത്തെ ഏക ഇടതുപക്ഷ മുഖ്യമന്ത്രി തിരെഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് പോയത് പ്രതിപക്ഷം ആയുധമാക്കിയെന്നും സമിതിയില്‍ വിമര്‍ശനമുയര്‍ന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article