കശാപ്പ് നിയന്ത്രണം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ അനുകൂലിച്ച് ഹൈക്കോടതി. കന്നുകാലികളുടെ കശാപ്പോ വില്‍പ്പനയോ നിരോധിച്ചിട്ടില്ലെന്നും ചട്ടങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ വായിച്ചുനോക്കാതെയാണ് പ്രതിഷേധവുമായി ഇറങ്ങുന്നതെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
കന്നുകാലികളെ അറുക്കാനായി വിൽക്കരുതെന്നാണ് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്. ഇതിനാല്‍ പൊതുതാത്പര്യ ഹർജി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. കോടതി പരാമര്‍ശത്തെ ഹര്‍ജിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊതുതാല്‍പര്യ ഹര്‍ജി പിന്‍വലിച്ചു.
കേന്ദ്രത്തിന്റെ ഉത്തരവില്‍ മൗലികാവകാശങ്ങളുടെ ലംഘനമില്ല. കേന്ദ്രത്തിന്റെ വിജ്ഞാപനം നാല് ആഴ്‌ചത്തേക്ക് സ്‌റ്റേ ചെയ്‌ത മദ്രാസ് ഹൈക്കോടതിയുടെ വിധി ആശ്ചര്യപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു.
കേന്ദ്ര വിജ്ഞാപനത്തിനെതിരെ ഹൈബി ഈഡന്‍ എംഎല്‍എ അടക്കമുള്ളവര്‍ സമര്‍പ്പിച്ച മൂന്ന് ഹര്‍ജികള്‍ ഉച്ചയ്ക്കു ശേഷം സിംഗിള്‍ ബെഞ്ച് പരിഗണിക്കും.
അതേസമയം, കേന്ദ്രസർക്കാരിന്റെ വിജ്ഞാപനത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കും. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇതേക്കുറിച്ചുള്ള നടപടികൾ ആലോചിക്കുന്നതിനായി വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. കശാപ്പ് നിയന്ത്രണം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനും സർക്കാർ തീരുമാനിച്ചു.