കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് നിന്നുള്ള ഇടറോഡുകള്‍ തമിഴ്‌നാട് അടച്ചു, കൂടുതല്‍ നിയന്ത്രണങ്ങള്‍

ശനി, 17 ഏപ്രില്‍ 2021 (13:13 IST)
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തിലും മറ്റ് അയല്‍ സംസ്ഥാനങ്ങളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍. കേരളത്തില്‍ നിന്നു തമിഴ്‌നാട്ടിലേക്ക് തിരുവനന്തപുരം വഴിയുള്ള ഇടറോഡുകള്‍ അടച്ചു. തമിഴ്‌നാട് പൊലീസാണ് വഴികള്‍ അടച്ചത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് എന്നാണ് വിശദീകരണം. കേരള-തമിഴ്‌നാട് അതിര്‍ത്തി റോഡുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. 
 



 
 







കന്യാകുമാരിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള 12 റോഡുകളാണ് തമിഴ്‌നാട് അടച്ചത്. പാറശാലയ്ക്കും വെള്ളറടയ്ക്കും ഇടയിലുള്ള റോഡുകള്‍ പൊലീസ് അടച്ചു. കൊല്ലങ്കോട്, അരുമന, പളുകല്‍, കളയിക്കാവിള എന്നീ നാലു പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റോഡുകളാണ് ഇപ്പോള്‍ പൊലീസ് ഇടപെട്ട് അടച്ചിരിക്കുന്നത്. ഇ-പാസ് ഉള്ളവര്‍ക്ക് കളിയിക്കാവിള വഴിയുള്ള പ്രധാന റോഡിലൂടെ സഞ്ചരിക്കാം.
 
നിലമാമൂട്, ഉണ്ടന്‍കോട്, പളുകല്‍ തുടങ്ങിയ മേഖലകളില്‍ പൊലീസ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കേരളത്തില്‍ നിന്നുള്ളവര്‍ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നത് തടയാനാണ് നിയന്ത്രണം. അതിര്‍ത്തിയിലെ പ്രധാന റോഡുകളില്‍ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നത്. കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റും പോലീസ് ആവശ്യപ്പെടുന്നുണ്ട്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ പൊലീസ് പറഞ്ഞുവിടുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍