കോവിഡ്: ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ക്ക് 210 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യാന്‍ തൊഴില്‍മന്ത്രിയുടെ നിര്‍ദ്ദേശം

ശ്രീനു എസ്

വെള്ളി, 18 ജൂണ്‍ 2021 (09:38 IST)
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും ധനസഹായമായി മൊത്തം 210 കോടിയില്‍പരം രൂപ വിതരണം ചെയ്യാന്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചു. മൊത്തം 210,32,98,000 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുക. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
 
ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും 1000 രൂപയുടെ ധനസഹായം അനുവദിക്കാനാണ് ഉത്തരവ്. ധനക്കമ്മിയുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലേബര്‍ കമ്മീഷണര്‍ അടിയന്തരമായി തുക കൈമാറ്റം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
 
 കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് 7,11,13,000 രൂപയും കേരള ഈറ്റ, കാട്ടുവള്ളി,തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 9,00,00,000 രൂപയും കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 52,50,00,000 രൂപയും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 1,40,00,000 രൂപയും കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് 25,03,79,000 രൂപയും കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് (സ്‌കാറ്റേര്‍ഡ് ) 1,30,00,000 രൂപയും കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 22,50,00,000 രൂപയും വിതരണം ചെയ്യും.
 
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 61,00,00,000 രൂപയും കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് 22,50,00,000 രൂപയും കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 1,12,05,000 രൂപയും കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 63,00,000 രൂപയും കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, വലിയ തോട്ടങ്ങള്‍ പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ എന്നിവ 6,23,01,000 രൂപയും വിതരണം ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍