ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ചു ചികിത്സയ്ക്കെത്തി മരിച്ചവരുടെ മൃതദേഹത്തില്‍ നിന്ന് ആഭരണം കാണാതായതില്‍ വകുപ്പ് തല അന്വേഷണമാരംഭിച്ചു. ആലപ്പുഴ പട്ടണക്കാട് സ്വദേശി പ്രഭാവതിയമ്മ, പള്ളിപ്പാട് സ്വദേശി വത്സല, അവള്ക്കുന്നു സ്വദേശി ആനി ജോസഫ് എന്നിവരുടെ മൃതദേഹത്തില്‍ നിന്നാണ് വല, കമ്മല്‍, മാല തുടങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായത്.
കോവിഡ് ബാധ സ്ഥിരീകരിച്ചു ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍ മൃതദേഹങ്ങള്‍ വിട്ടുനല്‍കിയപ്പോള്‍ കാണാനില്ലെന്നാണ് പരാതി ഉയര്‍ന്നത്. ഇതില്‍ വത്സലയുടെ ആറര പവന്റെ സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് ഭര്‍ത്താവ് ആരോപിച്ചു. ഇതില്‍ ഒരു വല തിരികെ ലഭിച്ചിട്ടുണ്ട്.
ഇതിനൊപ്പം മെയ് പന്ത്രണ്ടിന് പ്രഭാവതിയമ്മയുടെ മൃതദേഹത്തില്‍ നിന്ന് നാലര പവനും ആനി ജോസഫിന്റെ മൃതദേഹത്തില്‍ നിന്ന് അഞ്ചു പവനും നഷ്ടപ്പെട്ടു എന്നാണു ബന്ധുക്കളുടെ പരാതി. ഇതുകൂടാതെ കന്യാകുമാരി സ്വദേശി വിന്‍സെന്റിന്റെ പണം തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും പള്ളിപ്പാട്ടെ ലിജോ ബിജുവിന്റെ പണവും പഴ്സും നഷ്ടമായിട്ടുണ്ട്.
മെഡിക്കല്‍ കോളേജ് ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ടു മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വകുപ്പ് തല അന്വേഷണം തുടങ്ങി. ഇതിനൊപ്പം പോലീസും സംഭവം അന്വേഷിക്കുന്നതായാണ് സൂചന.