ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ ക്ഷേമനിധി ബോര്‍ഡില്‍ പണമില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 29 ഡിസം‌ബര്‍ 2022 (14:57 IST)
ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത് മുടക്കമില്ലാതെ അംശാദായം അടയ്ക്കുന്നവര്‍ക്ക് ഫണ്ടില്ലെന്ന് പറഞ്ഞ് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ബോര്‍ഡ് യഥാസമയം കൊടുക്കാതിരുന്നാല്‍ സര്‍ക്കാര്‍ ഇടപെട്ട് ആനുകൂല്യം നല്‍കണമെന്ന്  മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ അനുവദിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.  ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കാതിരിക്കുന്നത് അംഗങ്ങളോട് കാണിക്കുന്ന അനീതിയാണ്.  ഉത്തരവിന്‍ മേല്‍ സ്വീകരിക്കുന്ന നടപടികള്‍ തൊഴില്‍ വകുപ്പ് സെക്രട്ടറി ജനുവരി 17 നകം കമ്മീഷനില്‍ സമര്‍പ്പിക്കണം.
 
1992 മാര്‍ച്ച് ഒന്നിന് ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത ആലിയാട് മൂളയം സ്വദേശിനി ചെല്ലമ്മ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിക്ക് 60 വയസ്സ് തികഞ്ഞപ്പോഴാണ് ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയത്.  എന്നാല്‍ 70 വയസ്സ് കഴിഞ്ഞിട്ടും പെന്‍ഷനോ ആനുകൂല്യങ്ങളോ ലഭിച്ചില്ല. 2015 ജനുവരി 31 വരെയുള്ള അപേക്ഷകള്‍ക്ക് ആനുകൂല്യം വിതരണം ചെയ്തിട്ടുണ്ടെന്ന് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കമ്മീഷനെ അറിയിച്ചു. സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിക്കാത്തതിനാല്‍ 2015 ജനുവരി 31 ന് ശേഷം ലഭിച്ച അപേക്ഷകളില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  ബോര്‍ഡിന്റെ ഇത്തരം നടപടികള്‍ വിചിത്രമാണെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍