ഒരേ കഥ, പൃഥ്വിയുടേയും വിനീത് ശ്രീനിവാസന്റേയും സിനിമയെച്ചൊല്ലി തർക്കം ; കേസ് കോടതിയിൽ

ശനി, 16 ജൂലൈ 2016 (12:49 IST)
ബധിരനും മൂകനുമായ തൊടുപുഴ സ്വദേശി സജി തോമസ് വിമാനം ഉണ്ടാക്കി പറത്തിയ സംഭവം സിനിമയാക്കുന്നതിനെച്ചൊല്ലി തർക്കം. പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് എം നായർ വിമാനം എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പരസ്യ സംവിധായകൻ ശ്രീകാന്ത് മുരളി - വിനീത് ശ്രീനിവാസൻ - സന്തോഷ് എച്ചിക്കാനം ടീം ഒരുക്കുന്ന സിനിമയാണ് തർക്കത്തിന് ഇടയാക്കിയിരിക്കുന്നത്. വിഷയം ഫെഫ്കയിൽ എത്തിയിരുന്നെങ്കിലും പരിഹരിക്കാൻ കഴിഞ്ഞില്ല. ഇതിനെതുടന്നാണ് തർക്കം കോടതിയിലേക്ക് നീങ്ങിയിരിക്കുന്നത്.
 
ജീവിതം സിനിമയാക്കുന്നതിനുള്ള പകർപ്പവകാശം സജി തോമസിൽ നിന്നും പ്രദീപ് രേഖാമൂലം വാങ്ങിയിരുന്നു. എന്നാൽ ശ്രീകാന്ത് മുരളിയുടെ സിനിമക്ക് തന്റെ ചിത്രവുമായി സാമ്യമുണ്ടെന്നാണ് പ്രദീപിന്റെ ആരോപണം. ശ്രീകാന്തിന്റെ സിനിമയുടെ പ്രഖ്യാപനം നടന്നതോടെ പ്രദീപ് ഫെഫ്കയെ സമീപിച്ച് വസ്തുതകൾ അവരെ ബോധ്യപ്പെടുത്തിയിരുന്നു.
 
കോപ്പിറൈറ്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഫെഫ്കയ്ക്ക് അധികാരമില്ലെന്നും അത് നിയമപ്രശ്നമാണെന്നും അത് കോടതിവഴിയാണ് പരിഹരിക്കേണ്ടതെന്ന നിലപാടാണ് ഫെഫ്ക എടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തർക്കം കോടതിയിലേക്ക് എത്തിയത്. പകർപ്പവകാശലംഘനം ആരോപിച്ച് അടുത്തയാഴ്ച തൊടുപുഴ മുൻസിഫ് കോടതിയിൽ  ഹ‍ർജി നൽകും.
 
എന്നാൽ തന്‍റെ ചിത്രത്തിന് സജി തോമസിന്‍റെ ജീവിതകഥയുമായി യാതൊരു ബന്ധവുമില്ലെന്ന്  തിരക്കഥാകൃത്ത് സന്തോഷം എച്ചിക്കാനം അറിയിച്ചു. തന്‍റെ നായകന്  സജിതോമസിനെപ്പോലെ അംഗവൈകില്യമില്ല. സാധാരണക്കാരനായ നിരവധി കാര്യങ്ങൾ ചെയ്യുന്ന കൂട്ടത്തിൽ  വിമാനം നിർമിക്കുന്നതാണ് കഥയെന്നും സന്തോഷ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക