വിവാദപ്രസംഗം: കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കേണ്ട ആവശ്യമില്ലെന്ന് പൊലീസ്

Webdunia
ഞായര്‍, 31 ജൂലൈ 2016 (12:20 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കില്ലെന്നു പൊലീസ്.
ഡിജിപിക്കു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിവാദപ്രസംഗം നടത്തിയതിന് കേസെടുക്കേണ്ടയെന്ന തീരുമാനമെടുത്തത്.
 
ഈ കേസിന് സമാനമായ സുപ്രീംകോടതി വിധികളും ഡിജിപി ലോക്നാഥ് ബെഹ്റ പരിശോധിച്ചിരുന്നു. കൂടാതെ ഐജിയുടെയും അഭിഭാഷകരുടെയും നിയമോപദേശവും അദ്ദേഹം തേടിയിരുന്നു. ഇതിനു ശേഷമാണ് കോടിയേരിക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.
 
ആക്രമിക്കാൻ വരുന്നവരോടു കണക്കുതീർക്കണമെന്നു കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളാണ് വിവാദമായത്. ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട പയ്യന്നൂരിൽ സിപിഎം നടത്തിയ ബഹുജന കൂട്ടായ്മയിൽ സംസാരിക്കുന്നതിനിടയിലാണ് കോടിയേരി ഈ വിവാദപരാമർശം നടത്തിയത്.
 
അതേസമയം അക്രമം പ്രോൽസാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗത്തിനെതിരെ കേസെടുക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ആവശ്യപ്പെട്ടിരുന്നു. കൂടാതെ കോടിയേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കളും ഡിജിപിക്കു നേരിട്ടു പരാതി നൽകിയിരുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article