കോണ്‍ഗ്രസ് അനുകൂല പത്രമായ മലയാള മനോരമയും വാര്‍ത്താചാനലായ മനോരമ ന്യൂസും സര്‍ക്കാര്‍ ഭരണനേട്ടങ്ങളെ പെരുപ്പിച്ചു കാണിക്കുന്നത് താഴെ തട്ടിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലും സ്വാധീനിച്ചേക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആശങ്ക. മാധ്യമങ്ങളെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന പിആര്‍ വര്‍ക്കാണ് ഇതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
രണ്ടാം പിണറായി സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഒട്ടേറെ പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മാധ്യമങ്ങള്‍ക്കു സര്‍ക്കാര്‍ പരസ്യം നല്‍കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കു പുറമേ സര്‍ക്കാരില്‍ നിന്ന് മാധ്യമങ്ങള്‍ പണം വാങ്ങിയിട്ടുണ്ടോ എന്ന് വി.ഡി.സതീശന്‍ കഴിഞ്ഞ ദിവസം ചോദിച്ചത് ഈ സാഹചര്യത്തിലാണ്. എന്നാല്‍ മാധ്യമങ്ങള്‍ ഇതിനെ ചോദ്യം ചെയ്തതോടെ സതീശന്‍ നിശബ്ദനായി.
' എനിക്ക് ഒരു ചോദ്യം കൂടിയുണ്ട് മുഖ്യമന്ത്രിയോട്, നിങ്ങള്‍ ഈ നാലാം വാര്‍ഷികം പ്രൊമോഷന്‍ ചെയ്യാന്‍ വേണ്ടി പരസ്യമല്ലാതെ മാധ്യമങ്ങള്‍ക്കു പണം കൊടുക്കുന്നുണ്ടോ? പരസ്യമല്ലാതെ..! പരസ്യത്തിനല്ലാതെ പണം കൊടുക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി പറയട്ടെ,' സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.