രാത്രിയായാൽ വീഡിയോ കോൾ,ചുംബന സ്മൈലികൾ: അധ്യാപകനെതിരെ വിദ്യാർത്ഥികളുടെ പരാതിപ്രവാഹം

ഞായര്‍, 15 ഓഗസ്റ്റ് 2021 (08:47 IST)
രാത്രിസമയങ്ങളിൽ ഫോണിലൂടെ ശല്യം ചെയ്തെന്നും ലൈംഗികചുവയോടെ പെരുമാറിയെന്നും ആരോപിച്ച് അധ്യാപകനെതിരെ ഗവർണർക്ക് പരാതി നൽകി വിദ്യാർത്ഥികൾ. തിരുവന‌ന്തപുരം  ചെമ്പഴന്തി എസ്എൻ കോളജിലെ വിദ്യാർത്ഥികളാണ് രാജ്ഭവനിലെത്തി പരാതി നൽകിയത്. പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിലെ അധ്യാപകനും എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായ ടി അഭിലാഷിനെതിരെയാണ് വിദ്യാർത്ഥികളുടെ പരാതി. പരാതി നൽകിയ വിദ്യാർത്ഥികളെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
 
രാത്രികാലങ്ങളിൽ അധ്യാപകൻ പെൺകുട്ടികളെ നിരന്തരം വാട്സ് ആപ്പിലൂടെ വീഡിയോ കോൾ ചെയ്യുന്നുവെന്നും ചുംബന സ്മൈലികൾ അയക്കുന്നുവെന്നും അനാവശ്യമായി സംസാരിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. നേരത്തെ രണ്ട് വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നെങ്കിലും കോളജ് മാനേജ്മെന്‍റിന്‍റെ സമ്മർദ്ദത്തെ തുടർന്ന് ഇവർ രേഖാമൂലം പരാതി നൽകാതെ പിൻവാങ്ങുകയായിരുന്നു. ഇതിന് പിന്നാലെ ആറ് പേർ പ്രിൻസിപ്പാളിന് പരാതി മെയിലായി അയച്ചു. തുടർനടപടികൾ സ്വീകരിക്കാതെ പ്രിൻസിപ്പാൾ പരാതിക്കാരെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തിയെന്നും പരാതിക്കാരുടെ വിവരങ്ങൾ പുറത്തുവിട്ടെന്നും ആരോപണമുണ്ട്. 
 
ചില അധ്യാപകർക്ക് തന്നോടുള്ള വിരോധത്തിന്റെ പേരിലാണ് പരാതിയെന്നും കൈതട്ടിയാണ് കോളുകൾ പോയതെന്നുമാണ് ആരോപണവിധേയനായ അഭിലാഷ് പറയുന്നത്. ആഭ്യന്തര പരാതി പരിഹാര സെല്ലിന് കൃത്യസമയത്ത് പരാതി കൈമാറിയിട്ടുണ്ടെന്നും, സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നുമാണ് കോളെജ് മാനേജ്മെന്‍റിന്‍റെ വിശദീകരണം. വിദ്യാർത്ഥികളുടെ പരാതി ഗവർണർ ഡിജിപിക്ക് കൈമാറും
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍