നായ കുറുകെ ചാടി അപകടത്തില്‍പെട്ട് മരിച്ചയാള്‍ക്ക് 32 ലക്ഷം നഷ്ടപരിഹാരം: ജസ്റ്റിസ് സിരി ജഗന്‍ കമ്മറ്റിയില്‍ ആറുവര്‍ഷത്തിനിടെ പരാതി നല്‍കിയത് 5032 പേര്‍മാത്രം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (20:10 IST)
ആറു വര്‍ഷത്തിനിടയില്‍ ഇതുവരെ പരാതിയുമായി ജസ്റ്റിസ് സിരി ജഗന്‍ കമ്മറ്റിയെ സമീപിച്ചത് വെറും 5036 പേരാണ്. ഇതില്‍ 881 പേര്‍ക്ക് പണം നല്‍കിയിട്ടുണ്ട്. നായ കുറുകെ ചാടി അപകടത്തില്‍പ്പെട്ട് മരിച്ച ആള്‍ക്ക് 32 ലക്ഷം വരെ കമ്മറ്റി നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. കമ്മിറ്റി നിശ്ചയിക്കുന്ന നഷ്ടപരിഹാരത്തില്‍ സര്‍ക്കാരിന് മാറ്റം വരുത്താന്‍ സാധിക്കില്ല. എങ്കിലും പണം കയ്യില്‍ ലഭിക്കാന്‍ മൂന്നു മുതല്‍ നാലു വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്. പണം അനുവദിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ നല്‍കുന്ന കാലതാമസമാണ് ഇതിന് കാരണം.
 
തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 2016 ഏപ്രില്‍ അഞ്ചിനാണ് സുപ്രീംകോടതി ഒരു കമ്മിറ്റിയെ നിശ്ചയിച്ചത്. ഇതിനെ ജസ്റ്റിസ് സിരി ജഗന്‍ കമ്മറ്റി എന്നാണ് പറയുന്നത്. നിയമ സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറുമാണ് കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍. എറണാകുളം നോര്‍ത്തിലുള്ള കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ ആറു വര്‍ഷമായി ഈ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. തെരുവ് നായയുടെ കടിയേല്‍ക്കുന്നവര്‍ പരാതിയുമായി സമീപിച്ചാല്‍ അവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നിശ്ചയിച്ച് പണം നല്‍കാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കുകയാണ് കമ്മറ്റി ചെയ്യുന്നത്.
 
പരിക്കിന്റെ ആഴം, പരിക്കേറ്റവരുടെ പ്രായം, ജോലി ചെയ്യാന്‍ കഴിയാത്ത ദിവസങ്ങള്‍, അംഗവൈകല്യം തുടങ്ങിയവയൊക്കെ പരിഗണിച്ചാണ് നഷ്ടപരിഹാരം കമ്മറ്റി നിശ്ചയിക്കുന്നത്. കമ്മിറ്റിയുടെ വിലാസം- ജസ്റ്റിസ് സിരി ജഗന്‍ കമ്മിറ്റി, കൊച്ചി കോര്‍പ്പറേഷന്‍ ബില്‍ഡിംഗ്, പരമാര റോഡ് എറണാകുളം നോര്‍ത്ത്.

അനുബന്ധ വാര്‍ത്തകള്‍

Next Article