നൻമകൾ നേർന്ന് പടിയിറങ്ങുന്നു, പോകാൻ അനുവദിക്കുക, ഇനിയൊരു തിരിച്ച് വരവില്ല, ക്ഷമയുടെ നെല്ലിപ്പലക വരെ കടന്നുവെന്ന് മാണി; മൂന്ന് പതിറ്റാണ്ട് നീണ്ട മുന്നണി ബന്ധം വഴി പിരിഞ്ഞു

ഞായര്‍, 7 ഓഗസ്റ്റ് 2016 (14:48 IST)
ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിൽ തീരുമാനമായി. കേരള കോൺഗ്രസ് യു ഡി എഫ് വിട്ടു. ഇനി മുതൽ നിയമസഭയിൽ ഒരു പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുവാൻ പാർട്ടി തീരുമാനമെടുത്തതായി കെ എം മാണി വ്യക്തമാക്കി. ചരൽക്കുന്നിൽ ചേർന്ന നേതൃത്വയോഗത്തിനു ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് കേരള കോൺഗ്രസ് യു ഡി എഫ് വിടുന്നുവെന്ന് കെ എം മാണി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
 
യു ഡി എഫിലെ പ്രധാന ഘടകക്ഷികളിൽ ഒന്നായ കേരള കോൺഗ്രസ് എമ്മിനെ ദുർബലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പാർട്ടിയെ കടന്നാക്രമിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ച പ്രവർത്തനത്തെ ഗൗരവ്വപൂർവ്വം കാണുന്നുവെന്നും മാണി പറഞ്ഞു. യു ഡി എഫിൽ തുടരാൻ താൽപ്പര്യമില്ല. ഇനിയൊരു തിരിച്ചു വരവില്ല. ഒരു മുന്നണിയോടും പ്രത്യേക ചായ്‌വില്ല, സ്വതന്ത്ര്യമായി പാർട്ടി നില‌നിൽക്കും. ആരേയും ശപിച്ചു കൊണ്ടല്ല പോകുന്നത്. എല്ലാവർക്കും നന്മകൾ നേർന്ന് പടിയിറങ്ങുകയാണെന്നും മാണി വ്യക്തമാക്കി.
 
ബാർ കോഴ കേസ് മാത്രമല്ല മുന്നണി വിടാൻ കാരണം, മറ്റു പല സംഭവങ്ങളും ഇതിനൊരു കാരണമാണെന്നും മാണി പറഞ്ഞു. പ്രശ്നാദിഷ്ഠിതമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായാൽ അതിനെ പിന്താങ്ങും. പാർട്ടി പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുകയാണ്. മൂന്ന് മുന്നണികളിലേക്കും ഇല്ല. ക്ഷമയുടെ നെല്ലിപ്പലക കടന്നതിന്റെ അവസാനമാണ് ഓരോ തീരുമാനവും എടുക്കുന്നതെന്നും മാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 
മൂന്ന് പതിറ്റാണ്ടിലെ വലർച്ചയിൽ കേരള കോൺഗ്രസിനും പങ്കുണ്ട്. തങ്ങൾ കൂടി നട്ടു വളർത്തിയതാണീ പാർട്ടി. എങ്കിൽ കൂടി ആരോടും വിദ്വോഷമോ പകയോ ഇല്ല. സന്തോഷത്തോടു കൂടിയല്ല പടിയിറങ്ങുന്നതെന്നും മാണി വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക