ഹൈക്കോടതിക്കകത്ത് സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല; കോടതിസംഘര്‍ഷം അടഞ്ഞ അധ്യായം; ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി

ശനി, 23 ജൂലൈ 2016 (14:10 IST)
കോടതിയില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷം അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും പ്രതിനിധികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 
 
അതേസമയം, മാധ്യമപ്രവര്‍ത്തകരുടെ ജോലി സുരക്ഷയ്ക്കായി ഒരു നിര്‍ദ്ദേശവും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞില്ല.  സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇരുവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചു. അഡ്വക്കേറ്റ് ജനറല്‍ സമിതിയുടെ അധ്യക്ഷനാകും. മൂന്നു മാധ്യമപ്രവര്‍ത്തകരും മൂന്നു അഭിഭാഷകരും ഉള്‍പ്പെടുന്നതാണ് സമിതി. 
 
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും മനസ്സില്‍ ഒന്നും വെച്ച് ഇനി അങ്ങോട്ട് പെരുമാറരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സൌഹൃദാന്തരീക്ഷം കൊണ്ടുവരാന്‍ ഇരുകൂട്ടരും ശ്രമിക്കണം. ഹൈക്കോടതിക്ക് അകത്ത് എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല. ഹൈക്കോടതിക്ക് അകത്തെ കാര്യങ്ങളില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക