കേരളത്തിലെ കുടുംബങ്ങളുടെ ചെറിയ ആഘോഷമാണ് സിനിമ, അത് ആസ്വദിക്കാനുളള സ്വാതന്ത്ര്യം നിഷേധിക്കപ്പെടരുത്: സത്യന്‍ അന്തിക്കാട്

ചൊവ്വ, 27 ഡിസം‌ബര്‍ 2016 (11:04 IST)
ഓണം-വിഷു-ക്രിസ്തുമസ് എന്നിങ്ങനെയുള്ള അവധിക്കാലത്ത് സിനിമാ സമരങ്ങള്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. പുതിയ ഒരു മലയാള സിനിമ പോലുമില്ലാതെ ഒരു ക്രിസ്മസ് കാലം കൂടി കടന്നുപോയെന്നും ക്രിസ്തുമസ് ചിത്രമായി ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ദുല്‍ക്കര്‍ ചിത്രമായിരുന്നു ആദ്യം തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. 
 
ഇന്നല്ലെങ്കില്‍ നാളെ ഈ തര്‍ക്കങ്ങളൊക്കെ അവസാനിക്കും. ഒരു അവധിക്കാലം ആഘോഷിക്കാന്‍ പറ്റാതെ പോയതിന്റെ വിഷമം പ്രേക്ഷകരും മറക്കും. നഷ്ടങ്ങള്‍ മാത്രമാണ് ബാക്കിയാകുകയെന്നും സത്യന്‍ അന്തിക്കാട് മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. കഴിഞ്ഞ ഏഴോ, എട്ടോ കൊല്ലങ്ങള്‍ക്കു ശേഷം മലയാള സിനിമാ വ്യവസായം ലാഭത്തിലേക്ക് നീങ്ങിയ സമയമായിരുന്നു 2016. പക്ഷേ അനാവശ്യമായ പിടിവാശിയുടെ പേരില്‍ എല്ലാവര്‍ക്കും ഒരുപാട് നഷ്ടമാണുണ്ടായതെന്നും സത്യന്‍ വ്യക്തമാക്കി.
 
കേരളാ സര്‍ക്കാരിനു മുന്നില്‍ തനിക്ക് ഒരു അപേക്ഷ സമര്‍പ്പിക്കാനുണ്ട്. ഓണം, വിഷു, ക്രിസ്തുമസ് തുടങ്ങിയവയൊക്കെയാണ് കേരളത്തിന്റെ ഉത്സവകാലം. ഏത് കാരണത്തിന്റെ പേരിലായാലും ഈ ഉത്സവകാലങ്ങളില്‍ സിനിമാസമരങ്ങള്‍ പാടില്ലെന്ന ഒരു ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കണം. കേരളത്തിലെ കുടുംബങ്ങളുടെ ചെറിയ ആഘോഷമാണ് സിനിമ. അത് ആസ്വദിക്കാനുളള സ്വാതന്ത്ര്യം അവര്‍ക്ക് നിഷേധിക്കപ്പെടരുതെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക