മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്‌ഛാദന ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞത് താന്‍ തന്നെയെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചുകുളങ്ങരയില്‍ വാര്‍ത്താമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ ശങ്കറിന്റെ പ്രതിമ നിര്‍മ്മാണവുമായി എസ് എന്‍ ഡി പിക്ക് ബന്ധമില്ല. പ്രത്യേക കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. കമ്മിറ്റിയുടെ നേതാക്കളായ, സുവര്‍ണകുമാറും, പ്രൊഫ ശശികുമാറും ചേര്‍ന്നാണ് മുഖ്യമന്ത്രിയെ ആദ്യം ചടങ്ങിലേക്ക് ക്ഷണിച്ചത്. അതിനുശേഷം, അവരുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചത്.
ചടങ്ങിലേക്ക് മുഖ്യമന്ത്രി വരേണ്ടെന്ന് പറഞ്ഞത് താന്‍ തന്നെയാണ്. താന്‍ വിചാരിച്ചാല്‍ ഉമ്മന്‍ ചാണ്ടിയെ കൊച്ചാക്കാന്‍ കഴിയില്ല. ചടങ്ങ് അലങ്കോലപ്പെടരുതെന്ന് കരുതിയാണ് മുഖ്യമന്ത്രിയെ ഒഴിവാക്കിയത്. സുരക്ഷ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
സമത്വമുന്നേറ്റ യാത്രയ്ക്ക് നേരെ കെ പി സി സി യുടെ കടന്നാക്രമണം ഉണ്ടായതില്‍ പ്രവര്‍ത്തകര്‍ അസ്വസ്ഥരായിരുന്നു. തനിക്കെതിരെ കേസെടുത്തതില്‍ പ്രവര്‍ത്തകര്‍ക്ക് വൈരാഗ്യം ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി വന്നിരുന്നെങ്കില്‍ മുഖ്യമന്ത്രിക്ക് മോശം അനുഭവം ഉണ്ടായേനെ എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയോട് വരേണ്ടെന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ വിളിച്ച് ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പറഞ്ഞപ്പോള്‍ വെള്ളാപ്പള്ളി നടേശന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും ചെയ്യുന്നില്ലെന്നും താന്‍ പങ്കെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ പി സി സി അധ്യക്ഷന്‍ സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചേര്‍ന്നാണ് ഇത് രാഷ്‌ട്രീയവിവാദമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.