പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് മാറാന്‍ യുവജന സമൂഹം മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കിയാല്‍ പ്രയോജനപ്പെടുത്താന്‍ യുവജനങ്ങള്‍ മുന്നോട്ടു വരുമെന്ന് ഉറപ്പാണെന്ന് അനുഭവങ്ങള്‍ വ്യക്തമാക്കുന്നതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാന ഇന്നൊവേഷന്‍ കൗണ്‍സില്‍, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച സംസ്ഥാന ഇന്നൊവേഷന്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാര്‍ത്ഥികളെ പഠനകാലത്തുതന്നെ സംരഭകരാക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്ന് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ് പദ്ധതിക്ക് പ്രതീക്ഷയില്‍ കവിഞ്ഞ പ്രതികരണമാണ് ലഭിച്ചത്. നവീനാശയമായാണ് വിദ്യാര്‍ത്ഥികളും യുവാക്കളും സ്റ്റാര്‍ട്ട് അപ് പദ്ധതിയുടെ ഭാഗമായത്. കേന്ദ്ര സര്‍ക്കാര്‍ സ്റ്റാര്‍ട്ട് അപ് പദ്ധതിക്ക് രൂപം നല്‍കുന്നതിന് വളരെ മുമ്പുതന്നെ കേരളത്തിന് ഈ രംഗത്ത് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് അഭിമാനാര്‍ഹമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രി കെ സി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഇന്നൊവേഷന്‍ ചെയര്‍മാന്‍ എല് രാധാകൃഷ്ണന്‍, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ സുരേഷ് ബാബു, വ്യവസായ ഐ ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ജി വിജയരാഘവന്‍, ഇന്നൊവേഷന്‍ കൗണ്‍സില്‍ ജോയിന്റ് ഡയറക്ടര്‍ വി അജിത് പ്രഭു, ഡോ തോമസ് ജോസഫ്, ഡോ അമൃത് ശങ്കര്‍ എന്നിവര്‍ സംബന്ധിച്ചു.