മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളം. സോളാര്‍ തട്ടിപ്പ് മുഖ്യമന്ത്രി രാജി വെയ്ക്കുക എന്ന് തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു.
വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് ആയിരുന്നു ചോദ്യോത്തരവേളയില്‍ ആദ്യം ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്. എന്നാല്‍, മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം ഈ സമയത്ത് സജീവമായിരുന്നു. ഇടയ്ക്ക്, ബെന്നി ബഹനാന്‍ എം എല്‍ എ ചോദ്യവുമായി എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷ പ്രതിഷേധത്തിന്റെ സ്വരം ഉയരുകയും ചെയ്തു.
സോളാര്‍ കേസില്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇക്കാര്യം അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‌കിയിരുന്നു. ശൂന്യവേളയില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു.
പിന്നീട്, ചോദ്യോത്തരവേളയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനായി മന്ത്രി പി കെ ജയലക്ഷ്‌മി എഴുന്നേറ്റതോടെ പ്രതിപക്ഷം തണുത്തു. നിശ്‌ശബ്‌ദരായി സഭാനടപടികളുമായി സഹകരിച്ചു.