മന്ത്രി മന്ദിരങ്ങളിൽ തീരുമാനമായി ; നിമിത്തം കെട്ടതെന്ന് പറഞ്ഞ് പലരും പടിക്ക് പുറത്ത് നിർത്തിയ മൻ‌മോഹൻ ബംഗ്ലാവ് തോമസ് ഐസകിന്

Webdunia
വെള്ളി, 27 മെയ് 2016 (15:05 IST)
അധികാരത്തിലേറിയ പുതിയ മന്ത്രിമാരുടെ ഔദ്യോഗിക വസതികളിൽ തീരുമാനമായി. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് അഞ്ചു വർഷൺഗാളിലായി അഞ്ചു മന്ത്രിമാർ കെട്ടും പൂട്ടി ഇറങ്ങിയ മൻമോഹൻ ബംഗ്ലാവ് ഇത്തവണ ലഭിച്ചിരിക്കുന്നത് ധനകാര്യ മന്ത്രി തോമസ് ഐസകിനാണ്.
 
മന്ത്രിപദം വാഴില്ല എന്നൊരു ദുഷ്പേര് ബംഗ്ലാവിന് ഉണ്ടെങ്കിലും ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു മന്ത്രി. ഷിബു ബേബി ജോൺ താമസിച്ചിരുന്ന ഉഷസിൽ ജെ മേഴ്സിക്കുട്ടിയമ്മയും സി എൻ ബാലകൃഷ്ണന്റെ പൗർണമിയിൽ സി രവീന്ദ്രനാഥും കൂട് കൂട്ടും.
 
അനൂപ് ജേക്കബിന്റെ നെസ്റ്റിൽ ഇനി ജി സുധാകരനും കുഞ്ഞാലിക്കുട്ടിയുടെ ലിൻഡ് ഹേഴ്സ്റ്റിൽ റവന്യുമന്ത്രി ഇ ചന്ദ്രശേഖരനും കെ പി മോഹനന്റെ സാനഡുവിൽ ഇ പി ജയരാജനും അടൂർപ്രകാശിന്റ പമ്പയിൽ എ കെ ബാലനും താമസമൊരുങ്ങും. കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയിലെ ഏക വനിതാമന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയുടെ നിള ഇത്തവണ ലഭിച്ചതും വനിതാ മന്ത്രിയ്ക്ക് തന്നെ. കെ കെ ശൈലജയാണ് ഇനിമുതൽ നിളയിൽ.
 
മാത്യു ടി തോമസിന് പ്രശാന്തി, എ സി മൊയ്തീന് പെരിയാർ, കടകംപള്ളി സുരേന്ദ്രന് കവടിയാർ ഹൗസ്, കെ രാജുവിന് അജന്ത, കെ ടി ജലീലിന് ഗംഗ, വി എസ് സുനിൽകുമാറിന് ഗ്രേസ്, എ കെ ശശീന്ദ്രന് കാവേരി, ടി പി രാമകൃഷ്ണന് എസൻഡീൻ, രാമചന്ദ്രൻ കടന്നപ്പള്ളിക്ക് റോസ് ഹൗസ്, പി തിലോത്തമൻ അശോകയിലേക്കും താമസം മാറ്റും.
 
മന്ത്രിമന്ദിരങ്ങള്‍ക്ക്‌ മോടി കൂട്ടേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം അത്യാവശ്യം അറ്റകുറ്റപ്പണികൾ മാത്രമേ ചെയ്യുകയുള്ളു. പണികൾ പൂർത്തിയായതിന് ശേഷം എത്രയും പെട്ടന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പുതിയ വസതികളിലേക്ക് താമസം മാറ്റും.
 
മന്ദിരങ്ങൾ മോടിപിടിപ്പിക്കുന്നതിൽ വന്‍അഴിമതി നടക്കുന്നുവെന്ന ആരോപണം കണക്കിലെടുത്തായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം.
Next Article