ഗാന്ധി വധക്കേസ് പുനരന്വേഷിക്കാൻ മുംബൈ ഹൈക്കോടതിയിൽ ഹർജി

Webdunia
വെള്ളി, 27 മെയ് 2016 (14:51 IST)
മഹാത്മാ ഗാന്ധി വധവുമായി ബന്ധപ്പെട്ട് വീണ്ടും അന്വേഷണം നടത്താൻ കമ്മിഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി. ഗാന്ധിവധത്തിലെ ഗൂഢാലോചനകൾ തെളിയിക്കാന്‍ പഴയ അന്വേഷണക്കമ്മിഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഴുത്തുകാരനും ഗവേഷകനുമായ ഡോ പങ്കജ് ഫഡ്നിസ് മുംബൈ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. 
 
ഗാന്ധിയെ വധിച്ച ഗോഡ്സെയുടെ കയ്യില്‍ ഉണ്ടായിരുന്നത് ഏഴ് തിരകളുള്ള തോക്കായിരുന്നു. ഈ തോക്കില്‍ നിന്നുള്ള മൂന്ന് വെടിയുണ്ടകളാണ് ഗാന്ധിജിയുടെ ശരീരത്തിലേറ്റത്. ബാക്കി നാലു വെടിയുണ്ടകൾ പിടിച്ചെടുത്ത തോക്കിൽത്തന്നെയുണ്ടായിരുന്നു. എന്നാല്‍ ഗാന്ധിജിയുടെ ശരീരത്തില്‍ നാല് മുറിവുകള്‍ ഉണ്ടായിരുന്നു. നാലാമത്തെ വെടിയുണ്ട ഏതു തോക്കിൽ നിന്നുള്ളതാണെന്ന് വ്യക്തമായിട്ടില്ലെന്നും ഇത് കണ്ടെത്താന്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. 
 
ഗാന്ധിജിക്കെതിരായ ഗൂഢാലോചനയെപ്പറ്റി നേരത്തേ ആർക്കെങ്കിലും അറിയാമായിരുന്നോ എന്നും അന്വേഷിക്കണം. വീര സവർക്കറിനു ഗാന്ധിവധത്തിൽ പങ്കുണ്ടെന്ന രീതിയിൽ ജെ എൽ കപൂർ കമ്മിഷൻ നടത്തിയ പരാമർശങ്ങൾ നീക്കംചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിയുമായി ബന്ധപ്പെട്ട് ജൂൺ ആറിന് കോടതി വാദം കേൾക്കും.
 
സ്വാതന്ത്ര്യസമര സേനാനിയായ വീര സവർക്കറിൽനിന്ന് പ്രചോദനമുൾക്കൊണ്ട് മുംബൈയിൽ പ്രവർത്തിക്കുന്ന അഭിനവ് ഭാരത് എന്ന സംഘടനയുടെ ട്രസ്റ്റി കൂടിയാണു ഡോ ഫഡ്നിസ്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article