ചന്ദ്രബോസ് വധക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ വ്യവസായി മുഹമ്മദ് നിസാമിന് ജീവപര്യന്തം. അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ കേസായി പരിഗണിച്ച് നിസാമിന് വധശിക്ഷ നല്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
80, 30000 രൂപ പിഴ നല്കാനും കോടതി നിര്‍ദ്ദേശിച്ചു. ഇതില്‍, 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജീവപര്യന്തത്തിനൊപ്പം 24 വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉദയഭാനു പറഞ്ഞു. ശിക്ഷാകാലാവധി ജയില്‍നിയമപ്രകാരം തീരുമാനിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകമടക്കം നിസാമിനെതിരായ ഏഴ് കുറ്റങ്ങളും തെളിഞ്ഞിരുന്നു. മുന്‍വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ പി സുധീറാണ് നിസാം കുറ്റക്കാരനെന്ന വിധി കഴിഞ്ഞദിവസം പ്രസ്താവിച്ചത്.
അതേസമയം, തന്റേത് കൂട്ടുകുടുംബം ആണെന്നും തന്നെ ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങള്‍ ഉണ്ടെന്നും അതിനാല്‍ കടുത്ത ശിക്ഷ നല്കരുതെന്നും നിസാം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, നിരായുധനായയാളെ കൊലപ്പെടുത്തിയ നിസാം സമൂഹത്തിന് ഭീഷണിയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.