ചന്ദ്രബോസ് വധക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ വ്യവസായി മുഹമ്മദ് നിസാമിന്റെ
ശിക്ഷ ഇന്ന് വിധിക്കു. ഉച്ചയ്ക്ക് ഒരു മണിയോടെ കോടതി ശിക്ഷ വിധിക്കും. അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ കേസായി പരിഗണിച്ച് നിസാമിന് വധശിക്ഷ നല്കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരിക്കുന്നത്. തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക.
കൊലപാതകമടക്കം നിസാമിനെതിരായ ഏഴ് കുറ്റങ്ങളും തെളിഞ്ഞിരുന്നു. മുന്‍വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ പി സുധീറാണ് നിസാം കുറ്റക്കാരനെന്ന വിധി പ്രസ്താവിച്ചത്.
അതേസമയം, തന്റേത് കൂട്ടുകുടുംബം ആണെന്നും തന്നെ ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങള്‍ ഉണ്ടെന്നും അതിനാല്‍ കടുത്ത ശിക്ഷ നല്കരുതെന്നുമാണ് നിസാം കോടതിയില്‍ പറഞ്ഞു. എന്നാല്‍, നിരായുധനായയാളെ കൊലപ്പെടുത്തിയ നിസാം സമൂഹത്തിന് ഭീഷണിയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
കോടികളുടെ ആസ്തിയുള്ള പ്രതിയില്‍ നിന്ന് അഞ്ചുകോടി രൂപ ചന്ദ്രബോസിന്‍െറ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.