ബസ് കാത്ത് നിന്ന വീട്ടമ്മയുടെ മാല കാറിൽ എത്തിയയാൾ പിടിച്ചുപറിച്ചു

വെള്ളി, 29 ജൂലൈ 2022 (16:16 IST)
അഞ്ചൽ: ബസ് കാത്ത് നിന്ന വീട്ടമ്മയുടെ മാല കാറിൽ എത്തിയവർ പിടിച്ചുപറിച്ചു. ഭാഗ്യക്കുന്നു നിഷ ഭവനിൽ അജിതയുടെ (53) മാലയാണ് കവർന്നത്.  
 
അഞ്ചൽ പനച്ചവിള - തടിക്കാട് റൂട്ടിൽ വൃന്ദാവനം ജംഗ്‌ഷനിൽ കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു സംഭവം. എൽ.ഐ.സി ഏജന്റ് സോമരാജനെ അറിയുമോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു അക്രമി കാർ നിർത്തിയത്. അജിത ഉത്തരം നൽകുന്നതിന്റെ അവരുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
 
എന്നാൽ അജിത കാറിന്റെ സ്റ്റീയറിംഗിൽ പിടിത്തമിട്ടെങ്കിലും അക്രമി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും കാർ മുന്നോട്ടെടുത്തു അജിതയുടെ പാദത്തിൽ കയറ്റിയിറക്കാൻ ശ്രമിക്കുകയും ചെയ്തതോടെ ഭയന്ന അജിത പിന്തിരിഞ്ഞു. ഉടൻ അക്രമി അമിതവേഗത്തിൽ കാർ ഓടിച്ചുപോവുകയും ചെയ്തു.
 
പരാതിയെ തുടർന്ന് അഞ്ചൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്. ചാര നിറത്തിലുള്ള മാരുതി 800  കാറിലാണ് അക്രമി എത്തിയതെന്ന് പോലീസ് അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍