ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ കാമ്പസിനുള്ളില്‍ നടത്തിയ വാഹനറാലിയില്‍ ജീപ്പിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. സിഇറ്റി എന്‍ജിനിയറിംഗ് കോളജില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കോളേജിലെ മൂന്നാംവർഷ സിവിൽ എൻജിനിയറിംഗ് വിദ്യാർഥിനിയും മലപ്പുറം സ്വദേശിയുമായ തൻസി ബഷീറിനെയാണ് ജീപ്പ് ഇടിച്ചത്.
ഓണാഘോഷത്തിനിടെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ കാമ്പസിനുള്ളില്‍ വാഹനറാലി നടത്തുമ്പോഴാണ് തൻസിയെ വാഹനമിടിച്ചത്. ബുധനാഴ്ച വൈകിട്ട് 3.30നു നടന്ന സംഭവം. തലയ്ക്ക് പരുക്കേറ്റ കുട്ടിയെ വളരെ താമസിച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 8.30നാണ് അധികൃതര്‍ വിവരം പൊലീസില്‍ അറിയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. വാഹനമോടിച്ച വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായി പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം, കാമ്പസില്‍ ഒളിപ്പിച്ചിരുന്ന ജീപ്പ് പൊലീസ് കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
കോളേജിലെ ഒരു സീനിയർ വിദ്യാർഥിയുടെ തുറന്ന ജീപ്പ് ഗ്രൗണ്ടിനു സമീപത്തുവച്ച് വേഗത്തിൽ പിന്നോട്ടെടുത്തപ്പോൾ തൻസിയെ ഇടിക്കുകയായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി കോളേജ് കോമ്പൗണ്ടിൽ വിദ്യാർഥികളുടെ വാഹനങ്ങൾ പ്രവേശിക്കാൻ ഇന്നലെ അനുമതി നൽകിയിരുന്നു. നിരവധി വിദ്യാർഥികൾ നോക്കി നിൽക്കവേയായിരുന്നു സംഭവം. ട്രാഫിക് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഇതേ കോളേജിൽ വിദ്യാർത്ഥികൾ അമിത വേഗത്തിൽ ഓടിച്ച ബൈക്ക് ഇടിച്ച് ഒരു വിദ്യാർഥിനി മരിച്ചിരുന്നു.