അക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളെ സഹായിക്കുന്നതിനായി നിര്‍ഭയ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണം: പിണറായി വിജയന്‍

Webdunia
ചൊവ്വ, 19 ജൂലൈ 2016 (12:24 IST)
രാജ്യത്തിന്റെ സമഗ്രവും ആസൂത്രിതവുമായ വികസനത്തിന് ആസൂത്രണ കമ്മീഷന്‍ പുനസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രിമാരുടെ ഇന്ററ്‌സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനപ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി നടപ്പാക്കുന്നതിന് ഇന്ററ്‌സ്റ്റേറ്റ് കൗണ്‍സില്‍ യോഗം വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും നടത്തണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള സാമ്പത്തിക ബന്ധത്തില്‍ പുനസംവിധാനം വേണമെന്നും കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഇന്റര്‍‌സ്റ്റേറ്റ് കൗണ്‍സില്‍ യോഗം ചേര്‍ന്നിരിക്കുന്നത്. യോഗത്തിന്റെ അജണ്ട മൂന്ന് മാസങ്ങള്‍ക്ക് മുമ്പെങ്കിലും സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് പരിഗണിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 
 
കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിച്ച പുഞ്ജി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് തന്ത്രപ്രധാന സ്ഥാനത്തുള്ള കേരളത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കാന്‍ കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ആന്റ് ആന്റി ടെററിസം സ്‌കൂള്‍ (സി.ഐ.എ.റ്റി) സംസ്ഥാനത്ത് സ്ഥാപിക്കുക, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍, തീരദേശ സുരക്ഷയ്ക്കായി. മറൈന്‍ ഐ.ആര്‍ ബറ്റാലിയന്‍, തീരദേശ പോലീസ് ട്രെയിനിങ് സ്‌കൂള്‍ എന്നിവ സംസ്ഥാനത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ അക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളെ സഹായിക്കുന്നതിനായി നിര്‍ഭയ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. 
 
പൊലീസിനെ പരിശീലിപ്പിക്കുന്നതിനായി ഐ.ബിയുടെയും എന്‍എസ്ജിയുടെയും സഹകരണവും അഭ്യര്‍ഥിച്ചു. തിരുവനന്തപുരം- ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍വെ, അങ്കമാലി- ശബരി റെയില്‍വേപാത, നിലമ്പൂര്‍- നഞ്ചന്‍കോട്, ഗുരുവായൂര്‍- തിരുനാവായ റെയില്‍വേപാത എന്നിവ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള കണ്ടയ്‌നന്‍ ട്രാക്ക് സ്ഥാപിക്കുക, പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി, തലശേരി- മൈസൂര്‍ റെയില്‍വേ ലൈനിനായി പഠനം നടത്തുക, പുനലൂര്‍- ചെങ്കോട്ട റെയില്‍വേ ലൈന്‍ വികസിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്തതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article