മന്ത്രിസഭ തീരുമാനങ്ങള്‍ മറച്ചുവെക്കില്ലെന്നും ഉത്തരവായതിനു ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്കുമ്പോള്‍ ആയിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തുവിടാനാവില്ലെന്ന നിലപാട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയത്.
മന്ത്രിസഭാ തീരുമാനങ്ങൾ മറച്ചുവെക്കില്ല. തീരുമാനങ്ങള്‍ ഉത്തരവായതിനു ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂ. വിവരാവകാശ നിയമത്തിലും പറയുന്നത് ഇക്കാര്യം തന്നെയാണ്. മന്ത്രിസഭ തീരുമാനങ്ങള്‍ പുറത്തു വിടില്ലെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്തുന്നതിനു വേണ്ടിയാണ്. തീരുമാനങ്ങള്‍ 48 മണിക്കൂറിനകം ഉത്തരവായി പുറത്തിറങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവരാവകാശ കമീഷണറുടെ ഉത്തരവ് നിയമം മുഴുവൻ ഉൾക്കൊണ്ടാണെന്ന് പറയാനാവില്ല. വിവരാവകാശ കമ്മീഷന്റെ ഉത്തരവിൽ കൂടുതൽ വ്യക്തത തേടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചതെന്നും പിണറായി വിശദീകരിച്ചു.