കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതെ ഇന്ന് വിഷു: ആശംസകളുമായി മുഖ്യമന്ത്രിയും ഗവര്‍ണറും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 15 ഏപ്രില്‍ 2022 (08:28 IST)
എല്ലാ മലയാളികള്‍ക്കും ആഹ്ലാദപൂര്‍വം വിഷു ആശംസകള്‍ നേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഐശര്യത്തിന്റേയും സമൃദ്ധിയുടേയും പുതിയ പുലരിയെ വരവേല്‍ക്കുന്ന ആഘോഷമാണ് വിഷു. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രാധാന്യം വിഷു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നഷ്ടപ്പെട്ടു കൊണ്ടിരുന്ന നാടിന്റെ കാര്‍ഷിക പാരമ്പര്യത്തെ ആവേശപൂര്‍വ്വം നാമിന്നു തിരിച്ചു പിടിക്കുകയാണ്. നെല്‍കൃഷിയും പച്ചക്കറി ഉത്പാദനവുമെല്ലാം വീണ്ടും മികവിലേയ്ക്കുയരുന്നു. വിഷുവിന്റെ സന്ദേശം കാര്‍ഷിക രംഗത്ത് കൂടുതല്‍ ഉജ്ജ്വലമായ നേട്ടങ്ങള്‍ കൊയ്യാന്‍ നമുക്ക് പ്രചോദനമാകട്ടെ. 
 
സമൂഹത്തിന്റെ ഐക്യം എക്കാലത്തേക്കാളും പ്രസക്തമായ ഈ ഘട്ടത്തില്‍ സ്‌നേഹവും സാഹോദര്യവും നിറഞ്ഞ മനസ്സോടെ ഒത്തൊരുമിച്ച് നമുക്ക് വിഷു ആഘോഷിക്കാം. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികളുടെ നാളുകള്‍ മറികടന്നു പുതിയ കുതിപ്പിനായി കേരളം തയ്യാറെടുക്കുകയാണ്. നാടിന്റെ സമഗ്രവും സര്‍വതലസ്പര്‍ശിയുമായ ക്ഷേമവും വികസനവും ഉറപ്പു വരുത്താന്‍ നമുക്ക് കൈകോര്‍ക്കാം. വിഷുവിന്റെ സന്ദേശം പരസ്പരം പങ്കു വച്ച് ശോഭനമായ പുതിയ കാലത്തേയ്ക്ക് ഉറച്ച കാല്‍വയ്പുകളുമായി മുന്നേറാം.-മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 
 
അതേസമയം ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് എന്റെ ഹൃദ്യമായ വിഷു ആശംസകളെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

Next Article