പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ ഡിജിപി ടി പി സെന്‍കുമാര്‍ നല്കിയ ഹര്‍ജി സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി. സംസ്ഥാന പൊലീസ് മേധാവി എന്നത് നിര്‍ണായക പദവിയാണ്. ഇതില്‍ ആരെ നിയമിക്കണമെന്ന് തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിനുള്ള അവകാശം മാനിക്കേണ്ടതുണ്ടെന്നും സെന്‍കുമാറിന്റെ ഹര്‍ജി തള്ളിക്കൊണ്ട് അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വ്യക്തമാക്കി.
വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ടെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. അതേസമയം, സെന്‍കുമാറിന്റെ ശമ്പളസ്കെയിലില്‍ മാറ്റം വരുത്തരുതെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.
അഭിഭാഷകരുമായി സംസാരിച്ച ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്നെ നീക്കം ചെയ്തത് പൊലീസ് ആക്ടിന് വിരുദ്ധമായാണ് എന്ന് കാണിച്ചാണ് സെന്‍കുമാര്‍ ഹര്‍ജി നല്‍കിയത്. തന്നെ സ്ഥലം മാറ്റുകയല്ല, പകരം തരംതാഴ്ത്തി ജൂനിയര്‍ ഓഫീസര്‍ക്ക് ചുമതല നല്‍കുകയായിരുന്നുവെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.