ചിരിയുടെ വരകാരന് വിട; കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു, യാത്രയായത് ബോബനും മോളിയും എന്ന പ്രശസ്ത കാര്‍ട്ടൂണിന്റെ സ്രഷ്ടാവ്
വ്യാഴം, 28 ഏപ്രില്‍ 2016 (08:13 IST)
ബോബനും മോളിയും എന്ന പ്രശസ്ത കാര്‍ട്ടൂണിന്റെ സൃഷ്ടാവായ കാര്‍ട്ടൂണിസ്റ്റ് ടോംസ് (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി 10.45ന് കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്‌ച.
കുട്ടനാട്ടിലെ വെളിയനാട്ടു ജനിച്ച അത്തിക്കളം വാടയ്ക്കൽ തോപ്പിൽ വിടി തോമസ് ജനഹൃദയങ്ങളിലേക്കു ചിരിവഴിവെട്ടി ടോംസ് ആയി കടന്നുചെന്നത് ബോബനെയും മോളിയെയും ഇരുകൈകളിലും ചേർത്തുപിടിച്ചായിരുന്നു. മുപ്പതാം വയസിലാണ് ബോബനെയും മോളിയേയും കണ്ടത്തെുന്നത്. അവര്‍ അയല്‍പക്കത്തെ കുട്ടികളായിരുന്നു. ഈ കുട്ടികള്‍ അവരുടെ ചിത്രം വരച്ചുതരാന്‍ ചോദിച്ചതായിരുന്നു പ്രചോദനം. പിന്നീട് തന്റെ കുട്ടികള്‍ക്കും അദ്ദേഹം ഇതേ പേരിട്ടു.
1929 ജൂണ്‍ ആറിന് കുട്ടനാട്ടിലെ വെളിയനാട്ടില്‍ വിടി കുഞ്ഞിത്തൊമ്മന്റെയും (വാടയ്ക്കല്‍ കുഞ്ഞോമാച്ചന്‍) സിസിലി തോമസിന്റെയും മകനായാണ് അത്തിക്കളം വാടയ്ക്കല്‍ തോപ്പില്‍ വിടി തോമസ് എന്ന ടോംസ് ജനിച്ചത്. ദീപികയില്‍ വരച്ചാണ് ടോംസ് കാര്‍ട്ടൂണ്‍ ജീവിതത്തിന് തുടക്കമിട്ടത്. ബിരുദധാരണത്തിനുശേഷം മലയാള മനോരമയില്‍ 1961ല്‍ കാര്‍ട്ടൂണിസ്റ്റായി ജോലി തുടങ്ങി. 1987ല്‍ വിരമിച്ചു. ‘മാധ്യമം’ ആഴ്ചപ്പതിപ്പില്‍ ഓര്‍മകളിലെ രേഖാചിത്രം എന്ന തലക്കെട്ടില്‍ ടോംസ് തന്റെ അനുഭവക്കുറിപ്പ് എഴുതി.
പിന്നീട് ടോംസില്‍ നിന്ന് പല കഥാപാത്രങ്ങളും ഈ കുട്ടികളുടെ ലോകത്തിലേക്കെത്തി. കുട്ടികളുടെ പപ്പായായി ജോലിയില്ലാവക്കീൽ പോത്തൻ, പെൺകുട്ടികളുടെ പിറകേ നടക്കുന്ന അപ്പീഹിപ്പി, മരമണ്ടൻ പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണൻ, കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടൻ എന്നിങ്ങനെ പോകുന്നു ചിരിയുടെ വരകാരന്റെ സൃഷ്‌ടികള്‍.
ഭാര്യ: ത്രേസ്യാക്കുട്ടി. മക്കൾ: ബോബൻ, ബോസ്, മോളി, റാണി, ഡോ. പീറ്റർ, ഡോ. പ്രിൻസി.