വാടകയ്‌ക്കെടുത്ത കാറില്‍ മുങ്ങിയ കമിതാക്കള്‍ പിടിയില്‍

തിങ്കള്‍, 19 മെയ് 2014 (11:49 IST)
വാടകയ്‌ക്കെടുത്ത കാറുമായി മുങ്ങിയ ടാക്‌സി ഡ്രൈവറും കാമുകിയും പൊപോലിസ് പിടിയിലായി. വൈറ്റില ട്രാവല്‍ ഏജന്‍സിയില്‍ ഡ്രൈവറായിരുന്ന ഇടുക്കി നെടുങ്കണ്ടം കുഴിവിളവീട്ടില്‍ മനു(33), കോട്ടയം പനച്ചിക്കാട് കുഴിമറ്റം പോസ്റ്റില്‍ മറ്റത്തില്‍വീട്ടില്‍ മോനിഷ(25) എന്നിവരെയാണ് ഇടുക്കിയില്‍നിന്നു കടവന്ത്ര പൊലിസ് അറസ്റ്റ് ചെയ്തത്. 
 
ട്രാവല്‍ ഏജന്‍സിയില്‍ കരാര്‍വ്യവസ്ഥയില്‍ ട്രിപ്പ് ഓടുന്നതിനായി കൊടുത്തിരുന്ന ആലപ്പുഴ കാര്‍ത്തികപ്പിള്ളി മഹാദേവിപുരം കൃഷ്ണാ നിവാസില്‍ അരുണ്‍ എം ദാസിന്റെ കാറാണ് ഇയാള്‍ വാടകയ്‌ക്കെടുത്തത്. വ്യാജ ചെക്ക് നല്‍കി പാക്കേജ് ട്രിപ്പ് ഉണ്ടെന്ന് പറഞ്ഞ് ഉടമയായ അരുണിന്റെ കൈയില്‍നിന്ന് 77,000 രൂപയും വാങ്ങിയാണു മനു കാറുമായി കടന്നത്. 
 
മോഷ്ടിച്ച കാറുമായി അടിമാലി, മൂന്നാര്‍, കോതമംഗലം, പോട്ട ആശ്രമം, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ മനുശങ്കര്‍, ടിനു എന്നീ വ്യാജ പേരുകളില്‍ കാമുകിയുമൊന്നിച്ച് ഒളിവില്‍ കഴിഞ്ഞ് ആര്‍ഭാടജീവിതം നയിക്കുമ്പോഴാണു പൊലിസ് പിടികൂടിയത്. പോലിസ് സംശയിക്കാതിരിക്കാന്‍ ഒരു പ്രമുഖ ദൃശ്യമാധ്യമത്തിന്റെ എംബ്ലവും ഐഡന്റിറ്റി കാര്‍ഡും വ്യാജമായി നിര്‍മിച്ച് വീഡിയോ കാമറയുമായി ന്യൂസ് റിപോര്‍ട്ടര്‍ ചമഞ്ഞാണ് ലോഡ്ജുകളില്‍ താമസിച്ചിരുന്നത്.
 
കടവന്ത്ര പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചതില്‍ ഇയാള്‍ എറണാകുളത്തും ഇടുക്കിയിലുമുള്ള രണ്ടു യുവതികളെ വിവാഹം കഴിച്ചിരുന്നെന്നു കണ്ടെത്തി. ഈ ബന്ധങ്ങള്‍ വേണ്ടെന്നുവച്ചാണ് ഇപ്പോഴുള്ള യുവതിയുമായി രജിസ്റ്റര്‍ വിവാഹം നടത്തിയത്. 
 
വ്യാജ രജിസ്‌ട്രേഷന്‍ നമ്പര്‍ വച്ച് പ്രസ് എന്ന സ്റ്റിക്കര്‍ പതിച്ച് പത്രപ്രവര്‍ത്തകരെന്ന വ്യാജേന കോതമംഗലം, പെരുമ്പാവൂര്‍ ഭാഗങ്ങളില്‍ മണ്ണുമാഫിയ, റേഷന്‍ കരിഞ്ചന്ത എന്നിവയുടെ അന്വേഷണത്തിനായി പലരെയും സമീപിച്ചിരുന്നതായി പൊലിസ് അറിയിച്ചു. 
 
പത്താം ക്ലാസ് പാസാവാത്ത ഇയാളുടെ പക്കല്‍നിന്നു വ്യാജ ഡ്രൈവിങ് ലൈസന്‍സും എസ്.എസ്.എല്‍.സി, പ്രീഡിഗ്രി, ഡിഗ്രി കോഴ്‌സുകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളും പൊലിസ് കണ്ടെടുത്തു. കോട്ടയം വെസ്റ്റ് പൊലിസ് സ്‌റ്റേഷനില്‍ ഇന്നോവ കാര്‍ മോഷണം നടത്തി വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ക്കെതിരേ വാറന്റുണ്ട്

വെബ്ദുനിയ വായിക്കുക