മലപ്പുറത്ത് കോടതി വളപ്പിനുള്ളില്‍ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ പൊട്ടിത്തെറി. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയും പിഎസ്സി ജില്ല ഒഫീസും സ്ഥിതി ചെയ്യുന്ന ബ്ലോക്കിനു മുന്നിലാണ് സ്‌ഫോടനം നടന്നത്. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 1.30 ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. കാറിന്റെ പിൻഭാഗം തകർന്നു. സംഭവത്തിൽ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
കാറിനുള്ളില്‍ നിന്നും ഒരു പെന്‍ഡ്രൈവും എഴുത്തും കണ്ടുകിട്ടി. കാറിന് സമീപത്ത് നിന്നും ലഭിച്ച പെട്ടിയില്‍ നിന്നും ഇന്ത്യയുടെ ഭൂപടത്തിന്‍റെ രേഖാ ചിത്രത്തിലുളള പത്രക്കുറിപ്പുണ്ട്. ഇതില്‍ ബീഫ് കഴിച്ചതിന് ഭീകരവാദികള്‍ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ സംഭവം കോടതികൾക്കും രാജ്യത്തിനും നാണക്കേട് ഉണ്ടാക്കിയെന്നും കൗണ്ട് യുവര്‍ ഡേയ്‌സ് എന്നെഴുതിയ ലഘുലേഖയിൽ പറയുന്നു. നിങ്ങളുടെ നാളുകൾ എണ്ണപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് ലഘുലേഖ അവസാനിക്കുന്നത്. അൽ ഖായിദ തലവനായിരുന്ന ബിൻ ലാദന്റെ ചിത്രവും ലഘുലേഖയിലുണ്ട്.
സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പെഷൽ ഇന്റലിജൻസ് സംഘത്തെ നിയോഗിച്ചുവെന്ന് ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. ആവശ്യമെങ്കിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളുടെ സഹായം തേടുമെന്നും ഡിജിപി വ്യക്‌തമാക്കി. ബോംബ് സ്ക്വാഡും പൊലീസും പരിശോധന ആരംഭിച്ചു. ഡിവൈഎസ്‌പി പിഎം പ്രദീപിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്‌ഥലത്തെത്തി.
സ്‌ഫോടനത്തിനിടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തിനു ശേഷം കരിമരുന്നിന്റെ ഗന്ധം അന്തരീക്ഷത്തിൽ ഉണ്ടായിരുന്നതായി കോടതി പരിസരത്ത് കൂടിനിന്നവര്‍ പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ തന്നെയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന വലിയ തരം ബാറ്ററിയുടെ അവശിഷ്‌ടം സ്‌ഥലത്തു നിന്നു കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.